ആയക്കാട് പ്രീമെട്രിക് ഹോസ്റ്റലിൽ നിന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ അവസാനവട്ട ഒരുക്കത്തിൽ.
വടക്കഞ്ചേരി: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഇന്ന് ആരംഭിക്കാനിരിക്കെ പഠിച്ച പാഠഭാഗങ്ങൾ അവസാന നിമിഷം മനസിൽ ഉറപ്പിക്കുന്ന തിരക്കുകളിലാണ് വിദ്യാർഥികൾ.
പേപ്പർ വൺ മലയാളമാണ് എസ്എസ്എൽസിക്കാരുടെ ആദ്യ ദിവസത്തെ പരീക്ഷ. രാവിലെ ഒമ്പതരയ്ക്കാണ് പരീക്ഷ തുടങ്ങുക. ഈ മാസം 30 വരെ പരീക്ഷ നീളും. ഓരോ പരീക്ഷയും രണ്ടും മൂന്നും ദിവസങ്ങൾ ഇടവിട്ടാണ് നടക്കുന്നത്.
ഇതിനാൽ പരീക്ഷയ്ക്ക് ഒരുങ്ങാൻ സമയമുണ്ട്. ചില പരീക്ഷകൾക്ക് അഞ്ച് ദിവസം വരെ ഇടവേളയുണ്ട്.
ചൂടിന്റെ അസ്വസ്ഥതകളുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പരീക്ഷയ്ക്കായി നന്നായി ഒരുങ്ങിയിട്ടുണ്ടെന്ന് ആയക്കാട് പ്രീമെട്രിക് ഹോസ്റ്റലിൽ നിന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഹർജേഷ്, അജിത്ത്, നിവേദ്, സനൽ, അക്ഷയ് എന്നിവർ പറഞ്ഞു. സമീപത്തെ ആയക്കാട് ഹയർ സെക്കൻഡറി സ്കൂളിലും മഞ്ഞപ്രചിറ പികെ ഹയർ സെക്കൻഡറി സ്കൂളിലുമാണ് ഹോസ്റ്റലിലെ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്.
ആയക്കാട്ടെ പ്രീമെട്രിക് ഹോസ്റ്റലിൽ സ്കൂൾ പഠനത്തിനു പുറമെ എല്ലാ വിഷയങ്ങളിലും കുട്ടികൾക്ക് ട്യൂഷനുണ്ട്.
ഒമ്പത് ട്യൂഷൻ ടീച്ചർമാരും കുട്ടികൾക്കൊപ്പം താമസിച്ചുള്ള റസിഡൻഷ്യൽ ട്യൂട്ടർ മധു മാഷിന്റെ സേവനവുമുണ്ട്. ഉയർന്ന വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് ഹോസ്റ്റൽ വാർഡൻ പി.കെ. ബിജു പറഞ്ഞു.
അഞ്ചുമുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികളാണ് ഈ ഹോസ്റ്റലിലുള്ളത്. ആയക്കാട് ഉൾപ്പെടെയുള്ള ജില്ലയിലെ ഒരു ഡസനോളം പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിന്നെല്ലാം കുട്ടികൾ പത്താം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. സംശയങ്ങൾ തീർക്കാനും പരീക്ഷ പേടി അകറ്റാനും ഇവർക്കൊപ്പം രാവിലേയും വൈകുന്നേരവും ട്യൂഷൻ ടീച്ചർമാരുമുണ്ട്.
അതിരാവിലെ അഞ്ചുമുതൽ ഇവരുടെ ഒരുദിവസം ആരംഭിക്കും.
പ്രഭാത ജോലികൾ, കുളി, തുണികഴുകൽ, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള സമയമൊഴികെ കൂടുതൽ സമയവും പഠനത്തിനാണ് ഈ ദിവസങ്ങളിൽ ചെലവഴിക്കുന്നത്. ചേട്ടന്മാർക്ക് പഠനസൗകര്യങ്ങൾ ഒരുക്കാൻ അനുജന്മാരും ഒപ്പമുണ്ട്.
മുൻവർഷങ്ങളിലെല്ലാം നൂറ് ശതമാനം വിജയമാണ് ഹോസ്റ്റലിൽ ഉണ്ടായിട്ടുള്ളത്.
അതിന് മാറ്റം ഉണ്ടാകില്ലെന്ന് മാത്രമല്ല ഫുൾ എപ്ലസും ഇക്കുറി പ്രതീക്ഷിക്കുന്നുണ്ടെന്ന് വാർഡൻ ബിജു പറഞ്ഞു.
ജില്ലയിൽ എസ്എസ്എൽസി പരീക്ഷ
എഴുതാൻ 39121 വിദ്യാർഥികൾ
പാലക്കാട്: ജില്ലയിൽ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി റെഗുലർ വിഭാഗത്തിൽ 39121 വിദ്യാർഥികൾ ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 17994 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ 12373 വിദ്യാർഥികളും, മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ 8754 വിദ്യാർഥികളും പരീക്ഷ എഴുതും.
193 കേന്ദ്രങ്ങളിലായാണ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. ഇതിൽ മൂന്നെണ്ണം ടെക്നിക്കൽ സ്കൂളുകൾക്കും ഒന്ന് ബധിര വിദ്യാർഥികൾക്കുമായുള്ള കേന്ദ്രങ്ങളാണ്.
Tags : SSLC Plus Two exams . nattuvishesham local news