ഏലപ്പീടിക: പട്ടയമുണ്ട്, ആധാരമുണ്ട്, നികുതി രസീതുകളുണ്ട്. സർക്കാർ തന്നെ അളന്ന് ഭൂമി സ്ഥല ഉടമകയുടേതാണെന്ന് സ്ഥിരീകരിച്ച് അതിർത്തിക്കല്ലുകളിടുകയും ചെയ്തു. എന്നിട്ടും സ്വന്തം ഭൂമിയിലെ പൂർണ അവകാശം ഇപ്പോഴും സ്വപ്നമായി തുടരുകയാണ്. കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക വെള്ളക്കല്ലുങ്കൽ സ്റ്റാൻലി ജോസഫിന്റെ രണ്ടര പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനെ ചുരുക്കത്തിൽ ഇങ്ങനെ പറയാം.
സർക്കാർ സംവിധാനത്തിന്റെ അനാസ്ഥയ്ക്കും വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയ്ക്കും ഇരയായ ഒരു കുടുംബത്തിന്റെ ദൈന്യത കൂടിയാണ് സ്റ്റാൻലി ജോസഫിന്റെ കുടുംബത്തിന്റേത്.
സ്റ്റാൻലി ജോസഫ്, അമ്മ, സഹോദരൻ, സഹോദരി എന്നിവർ ചേർന്നുള്ള കുടുംബത്തിന്റെ സംയുക്ത ഉടമസ്ഥതയിലുള്ള രണ്ടേക്കർ 35 സെന്റ് ഭൂമിയാണ് ചുകപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. 2000 ൽ കുടുംബാംഗങ്ങൾ സ്ഥലത്തില്ലാതിരുന്ന സമയത്ത് സ്ഥലം ഉടമകളെ അറിയിക്കാതെ വനംവകുപ്പ് ഭൂമിയുടെ ഒരു ഭാഗത്ത് അതിർത്തി ജണ്ട സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം. തന്റെ സ്ഥലം കൈയേറിയാണ് ജണ്ട സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി സ്റ്റാൻലി വനംവകുപ്പിനെ ബന്ധപ്പെട്ടിരുന്നു.
എന്നാൽ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കൂ എന്ന ധാർഷ്ഠ്യം നിറഞ്ഞ മറുപടി നൽകിയ ഉദ്യോഗസ്ഥർ തനിക്കു പറയാനുള്ളത് കേൾക്കാൻ പോലും തയാറായില്ലെന്ന് സ്റ്റാൻലി പറഞ്ഞു. വനംവകുപ്പ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത്, താലൂക്ക് ഓഫീസ്, റവന്യൂ വകുപ്പ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളിൽ പരാതികൾ നൽകി.
പട്ടയവും ആധാരവും നികുതി രേഖകളും ഹാജരാക്കിയെങ്കിലും വർഷങ്ങളോളം ഫലമുണ്ടായില്ല. ഓരോ ഓഫീസും മറ്റൊരു ഓഫീസിലേക്ക് പറഞ്ഞയക്കുന്ന അവസ്ഥയായിരുന്നു. ഇതിനിടെ ഭൂമിയുടെ ഒരു ഭാഗം ഉപയോഗിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായി. ഒടുവിൽ നീതി ലഭിക്കാത്തതിൽ മനംനൊന്ത സ്റ്റാൻലി 2022 ഒക്ടോബർ 16 ന് മരത്തിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കി. സംഭവം വലിയ ശ്രദ്ധ നേടിയതോടെ അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, കണ്ണൂർ ഡിഎഫ്ഒ കെ. കാർത്തിക്, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വാർഡ് അംഗം ജിമ്മി ഏബ്രഹാം എന്നിവർ ഇടപെട്ടു.
ഭൂമി അളന്ന് വനഭൂമിയല്ലെന്ന് കണ്ടെത്തിയാൽ ഉടൻ ജണ്ട പൊളിച്ചുമാറ്റി ഭൂമി തിരികെ നൽകുമെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും ഉറപ്പുനൽകുകയും ചെയ്താണ് സ്റ്റാൻലിയെ അനുനയിപ്പിച്ചത്. തുടർന്ന് റവന്യൂ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ വനംവകുപ്പ് സ്റ്റാൻലിയുടെ സ്ഥലം കൈയേറിയതായി തെളിഞ്ഞു.2022 നവംബർ 11 ന് ഇരിട്ടി ഭൂരേഖ തഹസിൽദാർ എം. ലക്ഷ്മണന്റെയും മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. മഹേഷിന്റെയും നേതൃത്വത്തിലുള്ള റവന്യൂ-വനംവകുപ്പ് സംയുക്തസംഘം സ്ഥലത്തെത്തി വിശദമായ അളവെടുപ്പും നടത്തി.
പരിശോധനയിൽ ഭൂമി സ്റ്റാൻലിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമാക്കി റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. ഇതു പ്രകാരം അതിർത്തി നിർണയിച്ച് കല്ലുകളിടുകയും ജണ്ട ഉടൻ പൊളിച്ചു നീക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ജണ്ട പൊളിച്ചു മാറ്റാൻ ഇപ്പോഴും വനംവകുപ്പ് തയാറായിട്ടില്ല. ഭൂമി അളന്ന് ഉടമസ്ഥാവകാശം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജണ്ട പൊളിച്ചുമാറ്റി ഭൂമി കൈമാറണമെന്ന് ആവശ്യപ്പെട്ട് സ്റ്റാൻലി പലതവണ ഡിഎഫ്ഒ ഓഫീസിനെ സമീപിച്ചു. എന്നാൽ "അങ്ങനെയൊരു പരാതി ഇവിടെ നിലവിലില്ല" എന്ന മറുപടി നൽകി മടക്കുകയായിരുന്നു. പിന്നീട് വനംവകുപ്പിനെയും റവന്യൂ വകുപ്പിനെയും സമീപിച്ചെങ്കിലും "റിപ്പോർട്ട് ലഭിച്ചിട്ടില്ല", "അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്", "ജണ്ട പൊളിക്കാൻ ആളില്ല" തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്നും സ്റ്റാൻലി പറഞ്ഞു.
ഭൂമിതർക്കം കാരണം സ്റ്റാൻലിയുടെയും കുടുംബത്തിന്റെ ജീവിതം മറ്റൊരു തരത്തിലും ദുരിതത്തിലാണ്. പ്രദേശത്തെ രൂക്ഷമായ വാനരശല്യം കാരണം വീട്ടുപകരണങ്ങളും ഭക്ഷ്യസാധനങ്ങളും കൃഷിഫലങ്ങളും നശിപ്പിക്കുന്നുണ്ട്. ഇതിന് പരിഹാരമായി അടച്ചുറപ്പുള്ള ഒരു വീട് നിർമിക്കാൻ തീരുമാനിച്ച സ്റ്റാൻലി, ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ച് പ്രധാന റോഡിൽ നിന്ന് വീട്ടിലേക്കുള്ള വഴിയുടെ ഇരുവശവും കരിങ്കല്ല് കെട്ടി നിർമാണം ആരംഭിച്ചു. എന്നാൽ വീട്ടിലേക്കുള്ള പ്രവേശന ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച ജണ്ട നിലനിൽക്കുന്നതിനാൽ നിർമാണം മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ജണ്ട പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിട്ടും അനുമതി ലഭിക്കാത്തതോടെ സുരക്ഷിതമായ ഒരു വീട് എന്ന സ്വപ്നവും പാതിവഴിയിൽ നിലച്ചു.
"പണിക്കായി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും. വൈകുന്നേരം തിരിച്ചെത്തുമ്പോഴേക്കും കുരങ്ങുകൾ വീട്ടിലുള്ള ഭക്ഷ്യസാധനങ്ങളും വീട്ടുപകരണങ്ങളും നശിപ്പിച്ചിട്ടുണ്ടാകും. വീണ്ടും എല്ലാം ആദ്യം മുതൽ വാങ്ങണം. ഇങ്ങനെ എത്രകാലം ജീവിക്കാനാകും? എന്നാണ് സ്റ്റാൻലി ചോദിക്കുന്നത്.ഭൂമി സംബന്ധിച്ച് മറ്റൊരു ദുരൂഹതയും സ്റ്റാൻലി ചൂണ്ടിക്കാട്ടുന്നുണ്ട്. 2022 ൽ നടന്ന അളവെടുപ്പ് വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയുടെ അതിർത്തി നിർണയിക്കുന്നതിൽ മാത്രമാണ് ഒതുങ്ങിയതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെ കണിച്ചാർ പഞ്ചായത്തിൽ നടന്ന റീസർവേയിൽ പട്ടയത്തിലും ആധാരത്തിലും രേഖപ്പെടുത്തിയിരിക്കുന്ന രണ്ടേക്കർ 35 സെന്റിൽ നിന്ന് 35 സെന്റ് ഭൂമി കുറവാണെന്ന് കണ്ടെത്തി.
ഈ 35 സെന്റ് ഭൂമി എവിടെയെന്ന ചോദ്യത്തിന് റവന്യൂ വകുപ്പിന് ഇതുവരെ മറുപടിയും ഇല്ല. വനാതിർത്തിയോടു ചേർന്നുള്ള തന്റെ കൃഷിയിടത്തിലെ രണ്ട് കൂറ്റൻ മരങ്ങൾ വനഭാഗത്തേക്ക് ഉൾപ്പെടുത്തുന്ന തരത്തിൽ അളവെടുപ്പിൽ കൃത്രിമം കാണിച്ചാണ് ഈ 35 സെന്റ് ഭൂമി വനഭൂമിയുടെ ഭാഗമാക്കിയതെന്നാണ് ആരോപണം.
പട്ടയവും ആധാരവും നികുതി രേഖകളും കൈവശമുള്ള രണ്ടേക്കർ 35 സെന്റെ ഭൂമി എവിടെയെന്ന് കൃത്യമായി കണ്ടെത്തി കുടുംബത്തിന് കൈമാറുകയും വനംവകുപ്പ് സ്ഥാപിച്ച ജണ്ടകൾ നീക്കം ചെയ്യുകയും ചെയ്യേണ്ടത് ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്തമാണെന്ന് സ്റ്റാൻലി ആവശ്യപ്പെടുന്നു.
Tags : not ended. Stanley Joseph's Nattuvishesham Districte news