സ്റ്റീവോ പശുപരിപാലനത്തിൽ.
.. നാടിന്റെ കുട്ടിക്കർഷകന് എംബിബിഎസ്് അഡ്മിഷൻ..
ശ്രീകണ്ഠപുരം: പശുക്കളും ആടും കോഴിയുമെല്ലാം സ്റ്റീവോയുടെ ജീവിതത്തിന്റെ ഭാഗമാണ്. ചെറുപ്പം മുതൽക്കേ പഠനത്തോടൊപ്പം വീട്ടിലെ പശു, ആട് എന്നിവയെ പരിചരിക്കുന്നതിനൊപ്പം ഇവയുടെ കറവ, പാൽ വിതരണം എന്നിവയെല്ലാം നടത്തിവരികയും ചെയ്യുന്ന സ്റ്റീവോ ഇനി ഡോക്ടറാകാനുള്ള ഒരുക്കത്തിലാണ്.
എൻട്രൻസ് പരീക്ഷയിൽ ആദ്യ അലോട്ട്മെന്റിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം നേടിക്കഴിഞ്ഞു. 1994 ൽ കോട്ടയം മുട്ടുച്ചിറയിൽനിന്ന് ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ നീരാക്കിൽ എസ്റ്റേറ്റിൽ മാനേജരായി എത്തിയ കുരിശിങ്കൽ വീട്ടിൽ സോണി ലൂക്കോസിന്റെയും സിനി സോണിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് സ്റ്റീവോ.
2023 ൽ സ്റ്റീവ് വോയുടെ കാർഷിക രംഗത്തെ ഇടപെടൽ മുൻ നിർത്തി ശ്രീകണ്ഠപുരം നഗരസഭ മികച്ച കുട്ടി കർഷകനായി തെരഞ്ഞെടുത്തിരുന്നു. സജീവ് ജോസഫ് എംഎൽഎയുടെ ദിശാദർശൻ അവാർഡും നേടിയിട്ടുണ്ട്. പുലർച്ചെ നാലോടെയാണ് സ്റ്റീവോയുടെ കുടുംബത്തിന്റെ ദിനങ്ങൾ ആരംഭിക്കുന്നത്. കറവയുൾപ്പടെ നടത്തി സൈക്കിളിൽ കിലോമീറ്ററുകൾ താണ്ടി മിൽമ സൊസൈറ്റിയിൽ പാൽ എത്തിക്കുക സ്റ്റീവോയാണ്. പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.എല്ലാ ദിവസവും കോട്ടൂർ സെന്റ് തോമസ് പള്ളിയിൽ കുർബാനയിലും പങ്കെടുക്കും. പയർ പാവൽ,ചേമ്പ്, ചേന, മരച്ചീനി എന്നിവയാണ് പ്രധാന കൃഷി.
കോട്ടൂർ ലിറ്റിൽ ഫ്ലവർ സ്കൂളിലും പൊടിക്കളം മേരിഗിരി സ്കൂളിലുമായിരുന്നു പഠനം. 2023-24 വർഷത്തെ സിബിഎസ്ഇ , പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച ശേഷം പാലായിൽ നീറ്റ് പരീക്ഷയ്ക്കുള്ള പരിശീലനം നേടിയാണ് എംബിബിഎസ് എന്ന ലക്ഷ്യം നേടിയത്. ഡോക്ടറായാലും പശുപരിപാലനവും കാർഷികവൃത്തിയും തുടരുമെന്നും സ്റ്റീവോ പറഞ്ഞു.
വൈഎംസിഎ ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡന്റായ സോണി ലൂക്കോസ് ഫ്രണ്ട്സ് കൾച്ചറൽഫോറം സെക്രട്ടറിയുമാണ്. കോട്ടൂർ ലിറ്റിൽ ഫ്ലവർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് സഹോദരി അൽഫോൻസ.
Tags : Nattuvishesham DistrictNews DeepikaNews Steevo