കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ നിലയുറപ്പിച്ച തെരുവുനായകൾ.
കാഞ്ഞങ്ങാട്: തെരുവുകളിൽ മാത്രമല്ല റെയിൽവേ സ്റ്റേഷനുകളിലും നായകളുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുമാത്രം നൂറിലധികം തെരുവുനായകളാണ് ഇപ്പോഴുള്ളതെന്ന് ട്രെയിൻ യാത്രക്കാരും നാട്ടുകാരും പറയുന്നു. തൊട്ടടുത്തുള്ള മത്സ്യമാർക്കറ്റിൽനിന്ന് ആവശ്യത്തിലേറെ ഭക്ഷണം കിട്ടുന്നതാണ് ഇവിടെ നായകളുടെ എണ്ണം കൂട്ടിയത്.
റെയിൽവേ പ്ലാറ്റ്ഫോമിലും നിർമാണപ്രവൃത്തികൾ നടക്കുന്നതുമൂലം പകുതിഭാഗം അടച്ചിട്ട കൗണ്ടറിലുമെല്ലാം രാവും പകലും വന്നുകിടക്കുന്ന നായകൾ പതിവുകാഴ്ചയാണ്.
യാത്രക്കാർ അറിയാതെയെങ്ങാനും ഇവയെ ചവിട്ടിപ്പോയാൽ അക്രമസ്വഭാവവും കാണിക്കുന്നുണ്ട്. ചെറിയ കുട്ടികളടക്കമുള്ള യാത്രക്കാരെ തൊട്ടുരുമ്മി നടന്നുപോകുന്ന നായകളുടെ കാഴ്ച ആശങ്കയേറ്റുന്നതാണ്.
പ്ലാറ്റ്ഫോമിൽ വച്ചുതന്നെ നായകൾക്കിടയിലുണ്ടാകുന്ന കടിപിടിയുടെ ഇടയിലും യാത്രക്കാർ പെട്ടുപോകാൻ സാധ്യതയേറെയാണ്. യാത്രക്കാർ തിരക്കിട്ട് ട്രെയിൻ കയറുന്നതിനിടയിലും ഇറങ്ങുന്നതിനിടയിലും പ്ലാറ്റ്ഫോമിലെ തെരുവുനായകൾ ഭീഷണിയാകുന്നു.
ഇത്രയധികമില്ലെങ്കിലും ഇരുപതോളം നായകൾ കാസർഗോഡ് റെയിൽവേ സ്റ്റേഷനിലും തമ്പടിച്ചിട്ടുണ്ട്. ചില റെയിൽവേ ജീവനക്കാരും യാത്രക്കാരും ഭക്ഷണം നൽകുന്നതും ഇവയ്ക്ക് പ്രോത്സാഹനമാകുന്നു.
നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് രാത്രികാലങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമാകുന്നത്. ട്രെയിനിറങ്ങുന്ന യാത്രക്കാർ നാട്ടിലേക്കുള്ള ബസ് പിടിക്കാനായി നടക്കുന്നതിനിടയിൽ നായകളുടെ കടി കിട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട അവസ്ഥയാണ്.
Tags : Street dogs nattuvishesham local news