പ്രതീകാത്മക ചിത്രം
മൂന്നാര്‍: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തിക്കുടി ഉള്‍പ്പെടെയുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരമാകേണ്ട ആലുവ -മൂന്നാര്‍ റോഡ് പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കേന്ദ്ര ട്രൈബല്‍ മന്ത്രാലയവും മുഖ്യമന്ത്രിയുടെ കാര്യാലയവും ആവശ്യപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റിലെ എസ്സി, എസ്ടി ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ക്കായി കേന്ദ്ര എഫ്ആര്‍എ ഡിവിഷനിലേക്കോ മുഖ്യമന്ത്രിയുടെയോ, വകുപ്പ് മന്ത്രിയുടെയോ പരിഗണനയ്ക്ക് കൈമാറാന്‍ ട്രൈബല്‍ വകുപ്പ് തയാറായിട്ടില്ല.
2006ലെ കേന്ദ്ര വനാവകാശ നിയമപ്രകാരം ഇതു സാധ്യമാണെന്നിരിക്കെ, വനമേഖലയിലേക്കു ഗതാഗതസൗകര്യം വരുന്നത് തങ്ങളുടെ ചൂഷണങ്ങളെ ബാധിക്കുമെന്ന ഭയത്താല്‍ ഫോറസ്റ്റ് ട്രൈബല്‍ വകുപ്പുകള്‍ സംയുക്തമായി റോഡ് നിര്‍മാണത്തിന് തടസം നില്‍ക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
പ്രദേശവാസികള്‍ക്ക് അടിയന്തര വൈദ്യസഹായമെത്തിക്കാനും കോതമംഗലം, അടിമാലി ആശുപത്രികളില്‍ വേഗത്തിലെത്താനും സഹായിക്കുന്നതാണ് ഈ റോഡ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാത യാഥാര്‍ഥ്യമായാല്‍ ഇടമലക്കുടി സൊസൈറ്റി കുടിയില്‍നിന്ന് 69 കിലോമീറ്റര്‍ സഞ്ചരിച്ച് കോതമംഗലത്ത് എത്താന്‍ കഴിയും.
കോതമംഗലത്തുനിന്ന് ആനക്കുളം വരെയുള്ള 61 കിലോമീറ്റര്‍ പിഡബ്ല്യുഡി റോഡിന് പുറമേ, സൊസൈറ്റികുടി മുതല്‍ മീന്‍കുത്തികുടി വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചു കഴിഞ്ഞു. ഇനി മീന്‍കുത്തികുടി മുതല്‍ ആനക്കുളം വരെയുള്ള നാലു കിലോമീറ്റര്‍ ഒറ്റയടിപ്പാത വികസിപ്പിക്കാന്‍ മൂന്നാര്‍, മാങ്കുളം ഡിഎഫ്ഒമാരുടെ അനുമതി മാത്രമാണ് ആവശ്യമായിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
റോഡില്ലാത്തതിനാല്‍ രണ്ടാഴ്ച മുമ്പ് ഇടമലക്കുടിയില്‍നിന്നു വയോധികനെ ദുര്‍ഘടപാതയിലൂടെ കിലോമീറ്ററുകള്‍ ചുമന്നാണ് വാഹനസൗകര്യമുള്ള സ്ഥലത്തെത്തിച്ച് ആശുപത്രിയിലാക്കിയത്.റോഡ് പൂര്‍ത്തിയായാല്‍ ഇത്തരം ദുരിതം ഒഴിവാക്കാനും കുടിനിവാസികള്‍ക്ക് സൗകര്യം ലഭിക്കുമെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Tags : Nattuvishesham Local News Strong winds Aluva-Munnar highway