പാലക്കാട് മേഴ്സി കോളജിൽ നടന്ന കളംപാട്ട് ശില്പശാലയിൽനിന്ന്.
പാലക്കാട്: പ്രകൃതിദത്ത വർണങ്ങളിലൂടെയുള്ള ഭഗവതിക്കളവും നന്തുണിയുടെ നാദലയത്തിലുള്ള കളംപാട്ടും ആസ്വദിച്ച് പാലക്കാട് മേഴ്സി കോളജ് വിദ്യാർഥിനികൾ. അനുഷ്ഠാനകലകളുമായുള്ള ആത്മബന്ധം കുട്ടികളിൽ ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ചരിത്ര വിഭാഗത്തിന്റേയും പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റേയും നേതൃത്വത്തിൽ കളംപാട്ട് ശില്പശാല സംഘടിപ്പിച്ചത്.
ലോക റെക്കോർഡ് ജേതാവും കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്. കോളജിലെ ഹെറിറ്റേജ് ക്ലബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പഞ്ചവർണങ്ങൾകൊണ്ടു കളമെഴുതുന്ന രീതി, ഉപയോഗിക്കുന്ന വർണക്കൂട്ടുകൾ ഉണ്ടാക്കുന്ന വിധം, അവയുടെ ലോഹ സങ്കൽപങ്ങൾ, ഐതിഹ്യങ്ങൾ, ചടങ്ങുകൾ എന്നിവ ശില്പശാലയിൽ വ്യക്തമാക്കി. ശ്രീനിവാസന്റെ 313-ാ മത് കളംപാട്ട് ശില്പശാലയാണ് കോളജിൽ നടന്നത്. ശില്പശാലയിൽ പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ.എം. ലൗലി, ചരിത്രവിഭാഗം മേധാവി ഇ.ടി. ഷൈനി, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Students