കോസ്പിയ വസ്ത്ര നിർമാണ യൂണിറ്റ്
പെരിയ: പെട്ടെന്നു റെഡിയാക്കാവുന്ന തരത്തിൽ ഹാഫ് കുക്ക്ഡ് ആയ ചപ്പാത്തിയും പൊറോട്ടയും പത്തിരിയുമൊക്കെ കിട്ടിയാൽ വീട്ടിലായാലും വിരുന്നിനായാലും എളുപ്പമാകുമെന്നാണ് തിരക്കുപിടിച്ച പുതിയ കാലത്ത് എല്ലാവരും ചിന്തിക്കുന്നത്. ദൂരസ്ഥലങ്ങളിലെ ഏതെങ്കിലും കമ്പനിയിൽ നിന്ന് ദിവസങ്ങളോളം കേടുകൂടാതെ നിൽക്കാനുള്ള പ്രിസർവേറ്റീവുകൾ ചേർത്ത് വരുന്നതായിരിക്കുമെന്ന ചിന്ത മാത്രമാണ് ഇവ വാങ്ങുന്നതിൽനിന്ന് പലരെയും പിന്നോട്ടു വലിക്കുന്നത്.
എന്നാൽ കാര്യമായ പ്രിസർവേറ്റീവുകളൊന്നും ചേർക്കാതെ തൊട്ടടുത്ത സ്ഥലത്തുനിന്നുതന്നെ തയ്യാറാക്കി പായ്ക്ക് ചെയ്ത നാടൻ ഉത്പന്നങ്ങളാണെന്നു വന്നാൽ സ്വീകാര്യത കൂടും. ഈയൊരു ഘടകമാണ് പെരിയയിലെ ഗ്രാമീണ ക്ഷേമ സഹകരണസംഘത്തിനു കീഴിൽ സ്ഥാപിച്ച സുഭിക്ഷ ഫുഡ് യൂണിറ്റിൽ നിന്നുള്ള ഉത്പന്നങ്ങളെ ജില്ലയിലെങ്ങും ഹിറ്റാക്കിയത്.
ഏഴുവർഷം മുമ്പാണ് ഇവരുടെ ഭക്ഷ്യോത്പന്ന നിർമാണ യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. എറണാകുളത്തെ ബികെ എൻജിനിയേഴ്സ് എന്ന സ്ഥാപനത്തിൽനിന്നാണ് ചപ്പാത്തിയും പൊറോട്ടയും നിർമിക്കുന്നതിനുള്ള യന്ത്രങ്ങളും പ്രായോഗിക പരിശീലനവും ലഭിച്ചത്. പൂർണമായും യന്ത്രസഹായത്തോടെയാണ് തീർത്തും സുരക്ഷിതമായ രീതിയിൽ ഹാഫ് കുക്ക്ഡ് ചപ്പാത്തിയും പൊറോട്ടയും പത്തിരിയും നിർമിക്കുന്നത്. ഇവ പായ്ക്ക് ചെയ്ത് നാലുദിവസം വരെ കേടുകൂടാതെ ഉപയോഗിക്കാൻ സാധിക്കുമെന്ന് സുഭിക്ഷയുടെ പ്രവർത്തകർ ഉറപ്പുനൽകുന്നു. കല്യാണം പോലുള്ള വലിയ പരിപാടികൾക്ക് ഫ്രഷായി തന്നെ ചപ്പാത്തിയും പൊറോട്ടയും എത്തിച്ചുകൊടുക്കും. ടി.സിന്ധു, പി.എ.ലേഖ, കെ.എ.പ്രീത, ടി.കെ.ഉഷ, കെ.ബിന്ദു, ടി.ടി.ദീപ, കെ.കുഞ്ഞികൃഷ്ണൻ, ചന്ദ്രൻ എന്നിവരാണ് സുഭിക്ഷയുടെ നിർമാണ യൂണിറ്റിൽ പ്രവർത്തിക്കുന്നത്.
വസ്ത്രനിർമാണ യൂണിറ്റും ഹിറ്റ്
പെരിയ ഗ്രാമീണ ക്ഷേമ സഹകരണസംഘത്തിനു കീഴിൽ ആരംഭിച്ച കോസ്പിയ ഗാർമെന്റ്സ് എന്ന വസ്ത്രനിർമാണ യൂണിറ്റും വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകളുടെ ഇന്നർവെയറുകളാണ് ഇവർ ഉത്പാദിപ്പിക്കുന്നത്.
ബ്രാൻഡഡ് ഉത്പന്നങ്ങളുടെ അതേ ഗുണനിലവാരത്തിലാണ് ഇവർ റെഡിമെയ്ഡ് വസ്ത്രങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ നിരവധി വസ്ത്രവ്യാപാര സ്ഥാപനങ്ങളിലേക്ക് ഇവിടെനിന്നുള്ള ഉത്പന്നങ്ങൾ എത്തിക്കുന്നുണ്ട്.
Tags : NattuVishesham DistrictNews