പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗവും ക്യൂരിയോസിറ്റി കൗൺസിൽ, റാന്നി ആസ്ഥാനമായുള്ള റാഡ്റ്റാർ ഇന്നോവേഷൻ കമ്പനിയും സംയുകതമായി ചേർന്നുകൊണ്ട് നാലു വർഷ ബിരുദ വിദ്യാർഥികൾക്ക് എഐ പവേർഡ് സ്മാർട്ട് അഗ്രിക്കൾച്ചർ ആൻഡ് സ്റ്റാർട്ടപ്പ് ഇന്നവേഷൻ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. സ്മാർട്ട് കാർഷിക സാങ്കേതിക വിദ്യകൾ, ഡ്രോൺ അധിഷ്ഠിത കൃഷി, ഡാറ്റ അനലിറ്റിക്സ്, പ്രിസിഷൻ ഫാർമിംഗ്, കൂടാതെ അഗ്രി-സ്റ്റാർട്ടപ്പ് വികസന സാധ്യതകൾ എന്നിവയിൽ 120 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം നൽകും.
കാർഷിക മേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിക്കുകയും, കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടാനുള്ള ശേഷി വികസിപ്പിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അറിവ് ഇന്റേൺഷിപ്പിലൂടെ ലഭ്യമാകും.
പരിപാടിയുടെ ഉദ്ഘാടനം എംജി സർവകലാശാല സിൻഡിക്കേറ്റ് മെംബർ ഡോ.എ.എസ്. സുമേഷ് നിർവഹിച്ചു. ലേബർ ഇന്ത്യ ഫൗണ്ടർ ചെയർമാൻ വി.ജെ. ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. റെന്നി പി. വർഗീസ് അധ്യക്ഷത വഹിച്ചു.
ബോട്ടണി വകുപ്പ് അധ്യക്ഷൻ ഡോ. ബിനോയ് ടി. തോമസ്, ഗവേണിംഗ് ബോർഡ് മെംബർ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, റാഡ്റ്റാർ ഇന്നോവേഷൻ കമ്പനി സിഇഒ ജോയ്സ് സി. മാത്യു, എഫ് വൈയുജിപി നോഡൽ ഓഫീസർ ഡോ. വിവേക് ജേക്കബ് ഏബ്രഹാം, ഇന്റേൺഷിപ് നോഡൽ ഓഫീസർ സുമിത ടോം, കോഓർഡിനേറ്റർ ആഷ്ന എലിസബത്ത് , വിഷ്ണു ദാസ് അധ്യാപകരായ കെ.എസ്. ഹിമ, നിഷ ജോസഫ് , ഡോ.വി.പി. തോമസ് എന്നിവർ പ്രസംഗിച്ചു.