പ്രതീകാത്മക ചിത്രം
കോഴിക്കോട്: ജൂണ്‍ 15ന് ആരംഭിച്ച പ്രിയദര്‍ശനി പദ്ധതി മൂലം ജില്ലയിലെ സ്വകാര്യബസുകളുടെ നിലനില്‍പ്പ് അവതാളത്തിലായെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്. കോഴിക്കോട് ജില്ലയില്‍ വയനാട് റോഡില്‍ അടിവാരം മുതല്‍ കോഴിക്കോട് വരെയും സിറ്റി സര്‍വീസുകളടക്കം കടുത്ത സാമ്പത്തിക പ്രതിസന്ധി നേടിരുന്നതായി അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവമ്പാടി-മുക്കം-അരീക്കോട്, രാമനാട്ടുകര-പരപ്പനങ്ങാടി, കണ്ണൂര്‍, കുറ്റ്യാടി റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഡീസല്‍ വിലയില്‍ അടുത്തിടെ എട്ട് രൂപയോളം വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിന് പുറമെ സ്പെയര്‍പാര്‍ട്സുകള്‍, ടയര്‍, ലൈനര്‍, ഓയില്‍ എന്നിവയ്ക്ക് 50 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വലിയ തുകയുടെ നഷ്ടം സഹിച്ചാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.
ആകെയുള്ള ബസ് യാത്രികരില്‍ 50 ശതമാനവും സ്ത്രീകളാണ്. പ്രിയദര്‍ശനി പദ്ധതി നടപ്പിലാക്കിയതിലൂടെ അവരില്‍ ഭൂരിഭാഗവും കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയെന്നും ഇത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായും അവര്‍ ആരോപിച്ചു.
ബസുടമകള്‍ക്ക് അനുകൂല നിലപാട് എടുക്കാമെന്ന് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വാക്കു നല്‍കിയിരുന്നെങ്കിലും ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അവര്‍ ആരോപിച്ചു. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ സ്വകാര്യ ബസിലെ കണ്സഷന് ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷനും രഘുരാമന് കമ്മിഷനും നിര്‍ദേശിച്ചെങ്കിലും അതും ഇതുവരെയും നടപ്പിലാക്കിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയദര്‍ശനി പദ്ധതി മൂലം ദുരിതം അനുഭവിക്കുന്ന ബസ് ഉടമകളെയും ജീവനക്കാരെയും ഉള്‍പ്പെടുത്തി പാക്കേജ് നടപ്പിലാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജ് വര്‍ധിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞ ബസ് ഉടമകള്‍ക്ക് ക്ഷേമപദ്ധതി നടപ്പിലാക്കുക, ബസ് നടത്തിപ്പിന്റെ ചെലവിന് ആനുപാതികമായി ബസ് ചാര്‍ജ് നിശ്ചയിക്കാനുള്ള കമ്മിറ്റിയെ നിയമിക്കുക എന്നീ ആവശ്യങ്ങളും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അസോസിയേഷൻ പ്രസിഡന്റ് കെ.ടി. വാസുദേവൻ, സെക്രട്ടറി അബ്ദുൾ സത്താർ, എം.എസ്. സാജു, ഇ. റെനീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.