കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന താലൂക്ക് വികസനസമിതി യോഗം റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: താലൂക്ക് വികസനസമിതി യോഗം റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ യോഗത്തിൽ ലഭിച്ച പരാതികളിൽ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം അവലോകനം ചെയ്തു.
കാഞ്ഞിരപ്പള്ളി - എലിക്കുളം റോഡിലെ കടമപ്പുഴ പാലത്തിന് സമീപത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. കേരളത്തിൽ റബർ കൃഷി കൊണ്ടുവന്ന അയർലൻഡുകാരനായ ജോസഫ് മർഫിയുടെ സ്മരണയ്ക്കായി ഏന്തയാർ ടൗണിൽ പ്രതിമ സ്ഥാപിക്കുന്നതിനാവശ്യമായ അജൻഡ പഞ്ചായത്ത് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കൂട്ടിക്കൽ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ദേശീയപാതയുടെ അരികിലുള്ള എല്ലാ അനധികൃത കടകളും പഞ്ചായത്തിന്റെയും പൊലിസിന്റെയും സഹകരണത്തോടെ നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേശീയപാതാ ഉപവിഭാഗംഅസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
പാക്കാനം മഞ്ഞളരുവിത്തോടിന്റെ സംരക്ഷണഭിത്തി നവീകരണത്തിന് പത്തു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി തുടർനടപടികൾക്കായി സമർപ്പിച്ചിട്ടുണ്ടന്ന് പാമ്പാടി മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. താലൂക്ക് വികസനസമിതി യോഗത്തിൽ ലഭിച്ച 11 പരാതികൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാൻ യോഗം തീരുമാനിച്ചു.
പ്രളയകാലത്ത് ആറുകളിലും കടവുകളിലും അടിഞ്ഞുകൂടിയ മണൽ ലേലം ചെയ്ത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചെറുകിട ടിപ്പർ സംഘടനയുടെ പ്രതിനിധി കെ.ജെ. സാബു യോഗത്തിൽ പരാതി നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എൻ. ഗിരീഷ് കുമാർ, അന്നമ്മ വർഗീസ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ പി.എസ്. സുനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ ജെ. സിജു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags : NattuVishesham DistrictNews