വനംവകുപ്പന്റെ റാപ്പിഡ് റെസ്പോൺസ് ടീം പരിശോധന നടത്തുന്നു.
കരുവാരകുണ്ട്: കടുവാഭീതിയിൽ കഴിയുന്ന കരുവാരകുണ്ട് കക്കറ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ. കക്കറ മുണ്ട ഭാഗത്തെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് പുലിയെ നേരിൽകണ്ടത്. പുലി പത്തുമീറ്ററോളം അടുത്തെത്തിയിരുന്നുവെന്നാണ് തൊഴിലാളി പറയുന്നത്.
വട്ടപറമ്പിൽ മുനീറിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ ഞായറാഴ്ച പുലർച്ചെ ടാപ്പിംഗിനെത്തിയ റഷീദാണ് പുലിയെ കണ്ടത്. തോട്ടത്തിനടുത്ത് പുലി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഭയന്നുപോയ റഷീദ് ഉടൻ സ്ഥലത്തുനിന്ന് മാറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കാളികാവ് പുല്ലങ്കോട് മേഖലയിലും കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കക്കറയിൽ പുലിയെയും കണ്ടത്. ഒരേ മേഖലയിൽ വിവിധയിടങ്ങളിലായി ഹിംസ്രജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ജനങ്ങളുടെ ആശങ്ക വർധി പ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് റബർ തോട്ടങ്ങളിൽ പുലർച്ചെ ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികളും ചെറുകിട തോട്ടം ഉടമകളുമാണ് ഏറെ പ്രതിസന്ധിയിലായത്.
പുലർച്ചെയും വൈകുന്നേരങ്ങളിലും തോട്ടങ്ങളിൽ ജോലി ചെയ്യുന്നത് ഭീതിയോടെയാണ്. തോട്ടങ്ങളിലേക്ക് ഒറ്റയ്ക്ക് പോകാൻ പോലും തൊഴിലാളികൾ മടിക്കുന്ന സാഹചര്യമാണ്.
ഇതു സംബന്ധിച്ച് വനംവകുപ്പ് അടിയന്തരമായി പരിശോധന നടത്തി സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags :