കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തൃശൂർ അതിരൂപത സമിതി സംഘടിപ്പിച്ച യാത്രയയപ്പുയോഗവും അവാർഡ് ദിനവും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: അധ്യാപകർ സഭയ്ക്കും സമൂഹത്തിനും ഒരുപോലെ ഉപകാരമുള്ളവരായി മാറണമെന്ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തൃശൂർ അതിരൂപത സമിതി സംഘടിപ്പിച്ച യാത്രയയപ്പുയോഗവും അവാർഡ് ദിനവും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ അതിരൂപതയിലെ വിവിധ കത്തോലിക്ക കോർപറേറ്റ് മാനേജ്മെന്റുകളിലെ 132 അധ്യാപകർക്കു യാത്രയയപ്പ് നൽകി. അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ 2025-2026 അധ്യയനവർഷത്തെ അധ്യാപക അവാർഡുകളും പ്രഖ്യാപിച്ചു.
ഹയർസെക്കൻഡറി വിഭാഗത്തിൽ പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ടോബി തോമസും ഹൈസ്കൂൾ വിഭാഗത്തിൽ തൃശൂർ സേക്രഡ് ഹാർട്ട് കോണ്‍വന്റ് ഗേൾസ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റർ ആഗ്നസ് സിഎംസിയും യുപി വിഭാഗത്തിൽ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് കോണ്‍വന്റ് ഗേൾസ് ഹൈസ്കൂളിലെ സി.ജെ. റോസ്മേരിയും എൽപി വിഭാഗത്തിൽ ആന്പക്കാട് സെന്റ് മേരീസ് എച്ച്എഫ് കോണ്‍വന്റ് യുപി സ്കൂളിലെ ടി.ജെ. ഷീബയും തെരഞ്ഞെടുത്തു.
അതിരൂപതയിലെ മികച്ച വിദ്യാഭ്യാസസ്ഥാപനമായി ഹൈസ്കൂൾ വിഭാഗത്തിൽനിന്നു ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്കൂളിനെയും യുപി വിഭാഗത്തിൽ മനക്കൊടി സെന്റ് ജെമ്മാസ് കോണ്‍വന്റ് യുപി സ്കൂളിനെയും എൽപി വിഭാഗത്തിൽ ഏങ്ങണ്ടിയൂർ സെന്റ് തോമസ് എൽപി സ്കൂളിനെയും തെരഞ്ഞെടുത്തു.
മാർ ആൻഡ്രൂസ് താഴത്ത് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഉന്നതവിജയം കരസ്ഥമാക്കിയ ഗിൽഡ് അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡുകളും വിവിധ രചനാമത്സരങ്ങളിൽ വിജയിച്ച അധ്യാപകർക്കുള്ള ട്രോഫികളും വിതരണം ചെയ്തു. കാത്തിലിക് ടീച്ചേഴ്സ് ഗിൽഡ് അതിരൂപത പ്രസിഡന്റ് എ.ഡി. സാജു, അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര, ടീച്ചേഴ്സ് ഗിൽഡ് അതിരൂപത ഡയറക്ടർ ഫാ. ജോയ് അടന്പുകുളം, സിസ്റ്റർ റാണി കുരിയൻ, ഫാ. റിൻജോ ഓലപ്പുരയ്ക്കൽ, ഡെൻസി ജോണ്‍, സിംല മാഞ്ഞൂരാൻ, സി.ജെ. ഷീന, ടി.ജെ. ഷീബ, ജോഫി സി. മഞ്ഞളി, ജോസ് പോൾ എന്നിവർ പ്രസംഗിച്ചു. ബിജു ആന്റണി, എൻ.പി. ജാക്സണ്, ജെലിപ്സ് പോൾ, കെ.ജെ. സെബി, സിനി ജോസ് എന്നിവർ പങ്കെടുത്തു.