പുനലൂര്‍ തൂക്കുപാലം.
കൊല്ലം: പുനലൂര്‍ തൂക്കുപാലം പുനരുദ്ധരിക്കാനുള്ള പദ്ധതിക്ക് സാങ്കേതികാനുമതിയായി. 74 ലക്ഷം രൂപയുടെ നവീകരണപ്രവൃത്തിയാണ് സാങ്കേതികാനുമതി ലഭിച്ചത്.പുനലൂര്‍ തൂക്കുപാലത്തിന്റെ നടപ്പലകകള്‍ ദ്രവിച്ചും ചിതലരിച്ചും ഗര്‍ഡറുകള്‍ തുരുമ്പിച്ചും അപകടനിലയിലാണ്.
ടെന്‍ഡര്‍ ഉടനെ നടക്കും. വേറെ തടസങ്ങളുണ്ടായില്ലെങ്കില്‍ ജനുവരി ആദ്യവാരത്തോടെ പ്രവൃത്തി ആരംഭിക്കും. പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമാണ് പുനലൂര്‍ തൂക്കുപാലം. നാലുമാസം മുന്‍പ് വകുപ്പിന്റെ അസിസ്റ്റന്റ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ പാലം പരിശോധിച്ചാണ് അടങ്കല്‍ തയാറാക്കിയത്. നവീകരണത്തിനായി മുന്നുമാസത്തോളം പാലം അടച്ചിടേണ്ടിവരും.
നിലവിലെ മുഴുവന്‍ നടപ്പലകകളും ഇളക്കിനീക്കി പാലം പുനരുദ്ധരിക്കും. പലകകള്‍ക്ക് അടിയിലുള്ള ഉരുക്ക് ഗര്‍ഡറുകളിലെ തുരുമ്പ് നീക്കി പൂര്‍ണമായും അറ്റകുറ്റപ്പണി നടത്തും. നിലവിലെ പലകകളില്‍ ഉപയോഗയോഗ്യമായതു മാത്രമേ പുനഃസ്ഥാപിക്കൂ. ദ്രവിച്ചവയ്ക്ക് പകരം പുതിയ പലക ഉപയോഗിക്കും.
2015ല്‍ പാലത്തിന്റെ പുനരുദ്ധാരണത്തിനായി വനത്തില്‍നിന്ന് ശേഖരിച്ച് സംസ്കരിച്ച കമ്പകമരപ്പലകകള് ആവശ്യാനുസരണം പുരാവസ്തുവകുപ്പ് സൂക്ഷിച്ചിട്ടുണ്ട്. പ്രത്യേകരീതിയില്‍ സംസ്കരിച്ച് ജലാംശം നീക്കി ആവശ്യമായ അളവില്‍ അറത്തുസൂക്ഷിച്ചിരിക്കുന്ന പലകകളാണിത്. പലകകളും ഗര്‍ഡറുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന കൊളുത്തുകള്‍ പൂര്‍ണമായും മാറ്റി പുതിയ കൊളുത്തുകള്‍ സ്ഥാപിക്കും. നടപ്പലകകള്‍ ബന്ധിപ്പിച്ചിട്ടുള്ള ഉരുക്ക് ഗര്‍ഡറുകളിലും അറ്റകുറ്റപ്പണി നടത്തും. തെളിയാത്ത അലങ്കാരവിളക്കുകളും മാറ്റി സ്ഥാപിക്കും.
വര്‍ഷങ്ങളായി തകര്‍ന്നുകിടന്നിരുന്ന പാലം 1.35 കോടി മുടക്കി 2015ലാണ് പുരാവസ്തുവകുപ്പ് സമഗ്രമായി പുനരുദ്ധരിച്ചത്. എന്നാല്‍ 10 വര്‍ഷം പിന്നിട്ടപ്പോഴേക്കും പലകകളില്‍ പലതും നശിച്ചു.
പിന്നീട് 2018ലും 2023ലും പാലം പുനരുദ്ധരിച്ചെങ്കിലും കേടുവന്ന പലകകള്‍ പൂര്‍ണമായി മാറ്റിസ്ഥാപിച്ചിരുന്നില്ല. ഇക്കുറി പലകകളും തുരുമ്പിച്ച ഗര്‍ഡറുകളും ഉൾപ്പടെ പൂര്‍ണമായി മാറ്റി പുനരുദ്ധരിക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. നിലവിലെ പാലത്തില്‍ പലകകള്‍ തകര്‍ന്ന ഭാഗങ്ങളില്‍ ചുവപ്പുനാട കെട്ടി അപകടമുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Tags :