കോതമംഗലം നിയോജക മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോ
കോതമംഗലം: നിർമാണം പൂർത്തീകരിക്കാതെ കിടന്ന തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗത യോഗ്യമാക്കി 30ന് തുറന്നുകൊടുക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് വിദൂര പ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ വൻതോതിൽ തീർഥാടകർ കോതമംഗലത്ത് എത്തുന്ന സാഹചര്യത്തിൽ ബൈപ്പാസ് തുറക്കുന്നത് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വലിയ ആശ്വാസമാകുമെന്നും എംഎൽഎ പറഞ്ഞു.
നിയോജകമണ്ഡലത്തിൽ പിഡബ്ല്യുഡി ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ മണ്ഡലത്തിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷമാണ് എംഎൽഎ റോഡ് തുറക്കുന്ന സമയക്രമം വ്യക്തമാക്കിയത്.
പിണ്ടിമന ഗവ. യുപി സ്കൂളിൽ രണ്ടാം നിലയുടെ കോൺക്രീറ്റ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഡിസംബർ 31നകം നിർമാണം പൂർത്തിയാക്കും. തലക്കോട് ഗവ.യുപി സ്കൂളിൽ ഒന്നാം നിലയുടെ മേൽക്കൂരയുടെയും ബീമിന്റെയും കോൺക്രീറ്റ് പ്രവർത്തനങ്ങൾ പൂർത്തിയായി. നവംബർ 30നകം മുഴുവൻ നിർമാണവും പൂർത്തിയാക്കും.
വാരപ്പെട്ടി ഗവ. എൽപി സ്കൂളിൽ ഗ്രൗണ്ട് ഫ്ലോർ മേൽക്കൂരയുടെയും ബീമിന്റെയും കോൺക്രീറ്റ് പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഡിസംബർ 31നകം ബാക്കി നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കും. കോട്ടപ്പടി നോർത്ത് ഗവ.എൽപി സ്കൂളിൽ പ്ലാസ്റ്ററിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നവംബർ 30നകം പൂർത്തിയാക്കും. മാമലക്കണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ട് ഫ്ലോർ നിർമാണം പുരോഗമിക്കുകയാണ്. മാർച്ച് 31നകം നിർമാണം പൂർത്തിയാക്കും.
കോതമംഗലം ടൗൺ യുപി സ്കൂൾ, കോതമംഗലം ടൗൺ എൽപി സ്കൂൾ, തൃക്കാരിയൂർ ഗവ. എൽപി സ്കൂൾ, പാനിപ്ര സ്കൂൾ, കുട്ടമ്പുഴ കുറ്റ്യാൻചാൽ എൽപി സ്കൂൾ തുടങ്ങിയ സ്കൂളുകളിലെ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
രാമല്ലൂർ–പിണ്ടിമന റോഡിൽ ഫോർമേഷൻ റൈസിംഗ്, ടൈൽ വർക്ക് എന്നിവ പൂർത്തിയായി. റസ്റ്റോറേഷൻ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. വി.കെ. റോഡിൽ ബി.എം. പ്രവർത്തനം പൂർത്തിയായി. ബി.സി. പ്രവർത്തനം കൂടി പൂർത്തിയാക്കാനുണ്ട്. ചാത്തമറ്റം റോഡിൽ അവശേഷിക്കുന്ന റിഷ് ഡ്രെയിൻപ്രവർത്തനങ്ങൾ കൂടി പൂർത്തിയാക്കാനുണ്ട്.
അടിവാട് പാലം, മണിക്കിണർ പാലം എന്നിവയുടെ വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.
കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം
മഴയുടെ അഭാവത്തെ തുടർന്ന് പുഴകളിൽ ജലനിരപ്പ് കുറഞ്ഞതോടെ പല്ലാരിമംഗലം, കവളങ്ങാട് പഞ്ചായത്തുകളിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമത്തിനും അടിയന്തര നടപടി സ്വീകരിച്ചതായി എംഎൽഎ പറഞ്ഞു.
ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഈ പഞ്ചായത്തുകളിൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും പെരിയാർവാലി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.ഓരോ പദ്ധതിയുടെയും പ്രവർത്തന പുരോഗതി നേരിട്ട് വിലയിരുത്തി തടസങ്ങൾ പരിഹരിച്ച് സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും എംഎൽഎ പറഞ്ഞു.
Tags : NattuVishesham DistricteNews