പ്രതീകാത്മക ചിത്രം
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സിടി സ്കാന്‍ സെന്ററും അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ലാബും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോര്‍ ബയോടെക്നോളജിക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നതെന്ന് സി.ആര്. മഹേഷ് എംഎല്‍എ അറിയിച്ചു. സമീപ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ഇത്തരം സൗകര്യം ഒരുങ്ങുന്നത്.
സിടി സ്കാനിന് പുറമെ ആശുപത്രിയില്‍ നിലവിലില്ലാത്ത അത്യാധുനിക ലാബ് പരിശോധനകളും ഇവിടെ ലഭ്യമാകും. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ കരുനാഗപ്പള്ളി, കായംകുളം താലൂക്ക് ആശുപത്രികള്‍ക്ക് മാത്രമാണ് ഈ സൗകര്യം അനുവദിച്ച് ഉത്തരവായിട്ടുള്ളത്.
കൊല്ലത്തിനും കായംകുളത്തിനും ഇടയിലെ പ്രധാന ചികിത്സാ കേന്ദ്രമായ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രതിദിനം രണ്ടായിരത്തോളം രോഗികളാണ് ഒപിയില്‍ എത്തുന്നത്. 200 കിടക്കകളും 27 ഒപികളുമുള്ള ആശുപത്രിയില്‍ കാഷ്വാലിറ്റി, ഫാര്‍മസി, എക്സ്റേ, ലാബ് സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.
നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഒമ്പത് നിലകളുള്ള പുതിയ കെട്ടിടം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാടിന് സമര്‍പ്പിക്കും. നിലവില്‍ ബുധനാഴ്ചകളില്‍ മാത്രം ലഭ്യമാകുന്ന ന്യൂറോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലുമാക്കാനും ഐ.പി വിഭാഗം ആരംഭിക്കുന്നതിനും ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
Tags : District News Nattuvishesham CT scan advanced lab Taluk Hospital