സിസിടിവിയിൽ പതിഞ്ഞ തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ.
കോഴിക്കോട്: കുരുവട്ടൂരിൽ വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് സ്വർണവും പണവും കവർന്ന് കടന്നുകളഞ്ഞു. കുരുവട്ടൂർ പച്ചക്കുളം കുറ്റിപ്പുറത്ത് താഴത്ത് ഇസ്മായിൽ കുട്ടിഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് നാടിനെ നടുക്കിയ സംഭവം.
വീട്ടിലുണ്ടായിരുന്നവര്‍ ഇന്നലെ ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ പോയ സമയത്ത് വെള്ളം ചോദിച്ച് യുവാവ് എത്തുകയായിരുന്നു. ഈ സമയത്ത് വീട്ടിൽ ഇസ്മായിൽ കുട്ടിഹാജിയുടെ ഭാര്യ ആമിനയും മരുമകൾ സഫ്നയും മാത്രമാണ് ഉണ്ടായിരുന്നത്. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയത്ത് യുവാവ് അകത്തു കയറി ഷെൽഫിൽ ഉണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും അഞ്ചര പവന് സ്വർണവും കവർന്ന് സ്ഥലം വിടുകയായിരുന്നു.
വെള്ളവുമായി പുറത്ത് വന്നപ്പോഴാണ് ഇയാൾ കടന്നുകളഞ്ഞ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് നോക്കുമ്പോഴാണ് ആഭരണവും പണവും കവര്‍ന്ന കാര്യം ഭാര്യയുടെയും മരുമകളുടെയും ശ്രദ്ധയിൽപ്പെടുന്നത്. സംഭവം അറിഞ്ഞ ഉടൻ തന്നെ ഇവർ ചേവായൂർ പൊലിസിൽ പരാതി നൽകി. പൊലിസിന്റെ പ്രാഥമിക അന്വേഷണത്തിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ സംശയകരമായ സാഹചര്യത്തിൽ സംഭവസ്ഥലത്തിന് സമീപത്തുകൂടി പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
Tags : District News Nattuvishesham Young man