അനുമതി ഇല്ലാതെ സ്ഥാപിച്ച പരസ്യ ബോർഡുകൾ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്ത നിലയിൽ
നിലമ്പൂർ: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരേ ചാലിയാർ ഗ്രാമപഞ്ചായത്ത് നടപടി ശക്തമാക്കി.
ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് അധികൃതരുടെ ഈ നീക്കം.പൊതുഇടങ്ങളിലും വഴിയോരങ്ങളിലും അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്നത് വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കാനും അപകടങ്ങൾ വർധിക്കാനും ഇടയാക്കുന്നതായി കോടതി നിരീക്ഷിച്ചിരുന്നു. ഇത്തരം ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യാനും, സ്ഥാപിച്ച വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ബോർഡ് ഒന്നിന് 5,000 രൂപ വീതം പിഴ ഈടാക്കാനുമാണ് ഹൈക്കോടതി ഉത്തരവ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ പിഴത്തുക ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ അനുമതിയില്ലാതെ ബോർഡുകൾ സ്ഥാപിക്കുന്നത് പൂർണ്ണമായി തടയുകയാണ് ലക്ഷ്യം.
ചാലിയാർ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കുകയും, നിയമലംഘനം നടത്തിയവർക്ക് 5,000 രൂപ പിഴയടക്കാൻ നോട്ടീസ് അയച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പിഴത്തുക കുറച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലേക്ക് നിരന്തരം ഫോൺവിളികൾ എത്തുന്നത് ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ചെറുതും വലുതുമായ ബോർഡുകൾ നീക്കം ചെയ്യാൻ നടപടിയെടുക്കുമ്പോൾ, നിയമലംഘനങ്ങൾ നിരുത്സാഹപ്പെടുത്തേണ്ടവർ തന്നെ ശുപാർശകളുമായി എത്തുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
Tags : District News Nattuvishesham Chaliyar Panchayat Roadsides