പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിന് സഹായകമാകുമെന്ന് കരുതുന്ന ആധുനിക ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി നടപ്പാകുമോ എന്ന ആശങ്കയിൽ നഗരവാസികൾ. 75 കോടി രൂപ ചെലവിൽ വിഭാവനം ചെയ്ത പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയിൽ രാഷ്ട്രീയ തർക്കം രൂക്ഷമായതോടെ വർഷങ്ങളായി കാത്തിരിക്കുന്ന പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം വ്യാപാര-വാണിജ്യ മേഖലയുടെ വികസനത്തിനും വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്ന പദ്ധതി ഇപ്പോൾ വിവാദത്തിലാണ്.
പദ്ധതി റദ്ദാക്കാനുള്ള യുഡിഎഫ് ഭരണസമിതിയുടെ നീക്കം സ്വാർഥ താത്പര്യങ്ങളുടെ ഭാഗമാണെന്നാണ് എൽഡിഎഫ് നേതാക്കളുടെ വാദം. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ നഗരസഭയുടെ പുതിയ ഭരണസമിതി ഉന്നയിക്കുന്ന ആശങ്കകൾക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മൂന്ന് വർഷത്തിലേറെ നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ടെൻഡർ നടപടികളിലേക്കും കരാർ ഒപ്പിടുന്നതിലേക്കും പദ്ധതി കടന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറയുന്നു.
നഗരസഭാ കൗണ്‍സിൽ ഏകകണ്ഠേന അംഗീകരിച്ച പദ്ധതിയിൽ സർക്കാർ നിശ്ചയിച്ച ഫെയർ വാല്യു പ്രകാരമാണ് ഭൂമി ഏറ്റെടുത്തതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഡിബിഒടി(ഡിസൈൻ, ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ)വ്യവസ്ഥയിൽ ടെർമിനൽ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചിച്ചിരുന്നു. നാല് കന്പനികൾ സമർപ്പിച്ചതിൽ ഏറ്റവും യോജിച്ച ടെൻഡറിനാണ് കഴിഞ്ഞ ഭരണസമിതി അംഗീകാരം നൽകിയത്. ഇതേത്തുടർന്ന് ഗ്ലോബൽ വെഞ്ചർ കന്പനിയും നഗരസഭയും കരാർ ഒപ്പിട്ടത്.
35 വർഷത്തെ കരാർ
നിലവിലെ കരാർ 35 വർഷത്തേക്കുള്ളതാണെന്നും വ്യവസ്ഥകൾ പ്രകാരം നഗരസഭയ്ക്ക് നികുതി, ലൈസൻസ് ഫീസ്, ലാഭവിഹിതം തുടങ്ങിയവയിലൂടെ ഗണ്യമായ വരുമാനം ലഭിക്കുമെന്നും എൽഡിഎഫ് നേതാക്കൾ അവകാശപ്പെട്ടു. യുഡിഎഫ് കൗണ്‍സിലർമാർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തിയിട്ടും ക്രമക്കേട് കണ്ടെത്താനായില്ലെന്ന് അവർ പറഞ്ഞു.
പദ്ധതി റദ്ദാക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടപ്പാക്കിയ ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ളവർ സിറ്റി, ഹാപ്പി ഹാപ്പി ബത്തേരി, വിശപ്പുരഹിത നഗരസഭ, അങ്കണവാടി ഭക്ഷണം, ഫ്ളൈ ഹൈ, ഡ്രോപ്പ് ഔട്ട് ഫ്രീ തുടങ്ങിയ പദ്ധതികളിൽ പലതും നിലവിലെ ഭരണസമിതി അവസാനിപ്പിച്ചതായി എൽഡിഎഫ് ആരോപിച്ചു.
ബസ് ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാട് ഇതിന്റെ തുടർച്ചയാണെന്ന് കുറ്റപ്പെടുത്തി. അതേസമയം മുഴുവൻ കാര്യങ്ങളും പരിശോധിച്ച ശേഷമേ പദ്ധതി വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ എന്ന നിലപാടിലാണ് യുഡിഎഫ് ഭരണസമിതി. നിലവിലെ ബസ് സ്റ്റാൻഡിലെ പരിമിത സൗകര്യങ്ങളും ഗതാഗതക്കുരുക്കും നേരിടുന്ന യാത്രക്കാരും വ്യാപാരികളും വർഷങ്ങളായി പുതിയ ടെർമിനലിനായി കാത്തിരിക്കുകയാണ്.
ബസ് സ്റ്റാൻഡിനൊപ്പം വാണിജ്യസൗകര്യങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്ന പദ്ധതി യാഥാർഥ്യമാകുന്നത് നഗരവികസനത്തിൽ മുതൽക്കൂട്ടാകുമെന്നാണ് നഗഗവാസികൾക്കിടയിൽ പൊതുവേ അഭിപ്രായം. പദ്ധതി മുടങ്ങിയാൽ നഗരസഭയ്ക്കും ജനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടം വലുതാകുമെന്നും അവർ പറയുന്നു.
നഗരസഭ ആര് ഭരിച്ചാലും വികസനം തടസപ്പെടരുത്
നഗരസഭ ആരു് ഭരിച്ചാലും ബത്തേരിയുടെ വികസനം തടസപ്പെടരുത്. ഗതാഗതക്കുരുക്കും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിടുന്ന നഗരത്തിൽ ആധുനിക ബസ് ടെർമിനൽ അനിവാര്യതയാണ്. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ രാഷ്ട്രീയവ്യത്യാസങ്ങളുടെ പേരിൽ ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാകണം.
ബസ് ടെർമിനലിനൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസും അനുബന്ധ സൗകര്യങ്ങളും യാഥാർഥ്യമാക്കണം.ബസ് ടെർമിനൽ പദ്ധതിയിൽ പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കണം. ബത്തേരിയുടെ വികസനത്തിന് വരും തലമുറയ്ക്കുകൂടി പ്രയോജനപ്പെടുന്ന പദ്ധതികളാണ് വേണ്ടത്.
പി.എ. സാജൻ
മുൻ പ്രസിഡന്റ്
ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്
ബസ് ടെർമിനൽ അനിവാര്യം
കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊണ്ട് ബസ് ടെർമിനൽ നിർമിക്കണം. ഈ പദ്ധതി ജനങ്ങളുടെ ആവശ്യവും അനിവാര്യതയുമാണ്. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ദിനേന ആയിരക്കണക്കിന് ആളുകളാണ് ബത്തേരി ബസ്സ്റ്റാൻഡിലെത്തുന്നത്. ഇവിടെ നിലവിലുള്ള സൗകര്യങ്ങൾ വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല.
യാത്രക്കാർക്കും ബസ് ജീവനക്കാർക്കുമെല്ലാം പ്രയോജനപ്പെടുന്ന രീതിയിലും കാലത്തിനൊത്ത രൂപകൽപനയിലും ടെർമിനൽ നിർമിക്കാൻ ഭരണാധികാരികൾ മുൻകൈയെടുക്കണം. ജനങ്ങൾക്ക് ദീർഘകാലം പ്രയോജനപ്പെടുന്ന പദ്ധതികൾക്ക് തുടർച്ച ഉറപ്പാക്കണം. ബസ് ടെർമിനൽ നിർമാണം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ ഉണ്ടാകണം.
ജയൻ കുപ്പാടി
മജീഷ്യൻ
സുൽത്താൻ ബത്തേരി.
Tags : District News Nattuvishesham Bathery bus terminal