തകർന്നു കിടക്കുന്ന കോരഞ്ചിറ- വാൽകുളമ്പ്- മേരിഗിരി പന്തലാംപാടം മലയോരപാതയിലെ പോത്തുചാടി ഭാഗം. - ദീപിക.
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ കോരഞ്ചിറയിൽ നിന്നുതുടങ്ങി വാൽകുളമ്പ്- പനംകുറ്റി വഴി മേരിഗിരി പന്തലാംപാടത്ത് ദേശീയപാതയിലേക്കെത്തുന്ന മലയോരപാത ഗതാഗതയോഗ്യമാക്കാൻ ഭരണനേതൃത്വങ്ങൾക്കും ഭരണപാർട്ടികൾക്കുമെല്ലാം മടി.
യാത്രക്ക് പറ്റാത്തവിധം റോഡ് പൊട്ടി തകർന്നിട്ടും നന്നാക്കുന്നില്ലെന്നാണ് പരാതി. റോഡ് അറ്റകുറ്റപ്പണി ചെയ്യാൻ മതിയായ തുക അനുവദിച്ചതായി രണ്ടുവർഷം മുമ്പാണ് ജനപ്രതിനിധികൾ അറിയിച്ചത്. രണ്ടുവർഷത്തോളമായിട്ടും റോഡ് നന്നാക്കിയിട്ടില്ല.
പോത്തുചാടി ഭാഗത്ത് മെറ്റൽ ഇറക്കിയതൊഴിച്ചാൽ രണ്ടുവർഷത്തിലേറെയായി ഒന്നും നടന്നില്ല. റോഡിലൂടെയുള്ള യാത്ര ഇപ്പോൾ ഏറെ കഠിനതരമാണ്. കുഴികളിൽപ്പെട്ട് വാഹനം കേടായിക്കിടക്കുന്നതും പതിവായി.
പല ഭാഗത്തും ടാറിംഗ്പോലും കാണാത്ത വിധമാണ് റോഡ് തകർന്നു കിടക്കുന്നത്. റോഡ് വികസനവും രാഷ്ട്രിയനിറം നോക്കിയാകുന്നതാണ് മലയോരപാതയെ ഇങ്ങനെ അവഗണിക്കാൻ കാരണമാകുന്നതെന്നാണ് ആക്ഷേപം.
പാലക്കുഴി, കണിച്ചിപരുത, വാൽകുളമ്പ്, ആരോഗ്യപുരം, മംഗലംഡാം തുടങ്ങിയ മലയോരവാസികൾക്ക് തൃശൂർ ഭാഗത്തേക്ക് പോകാനുള്ള ഏറ്റവും എളുപ്പമാർഗമാണ് ഈ പാത. എന്നാൽ റോഡുനിർമിച്ച് പിന്നീട് എട്ടുവർഷത്തോളമായി നല്ല രീതിയിലുള്ള റീടാറിംഗ് പോലും നടത്തിയിട്ടില്ല. കിഴക്കഞ്ചേരി, കണ്ണമ്പ്ര എന്നീ രണ്ടുപഞ്ചായത്തുകളിലായാണ് പത്തിലേറെ കിലോമീറ്റർ ദൂരംവരുന്ന റോഡുള്ളത്.
ഇതിൽ കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെടുന്ന റോഡ് വലിയ പ്രശ്നങ്ങളില്ല. പോത്തുചാടി ഉൾപ്പെടുന്ന കണ്ണമ്പ്ര പഞ്ചായത്തിലെ രണ്ടരകിലോമീറ്റർ ദൂരം റോഡില്ലാത്ത വിധമാണ് തകർന്നുകിടക്കുന്നത്.
പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തോട് ചേർന്നുകിടക്കുന്ന പാതയായതിനാൽ ആന, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന പ്രദേശമാണിത്. രാത്രികാലങ്ങളിൽ ആനയോ മറ്റു മൃഗങ്ങളോ മുന്നിൽപെട്ടാൽ റോഡിന്റെ ശോച്യാവസ്ഥമൂലം വാഹനം പെട്ടെന്ന് പുറകോട്ടെടുക്കാനോ മുന്നോട്ടെടുക്കാനോ കഴിയില്ല.
ആൾതാമസമില്ലാത്ത പ്രദേശമായതിനാൽ അത്യാഹിതമുണ്ടായാൽ സഹായത്തിനും ആളുണ്ടാകില്ല.
Tags : NattuVishesham DistricteNews