പ്രതീകാത്മക ചിത്രം
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് ജന്മനാ ഉള്ള വൈകല്യങ്ങളായ മുച്ചിറി, മേലണ്ണാക്ക് വിടവ് എന്നിവയുടെ സൗജന്യശസ്ത്രക്രിയ ചികിത്സയ്ക്കുള്ള നാഷൽ ഹെൽത്ത് മിഷന്റെ (എൻഎച്ച്എം) സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ എംപാനൽമെന്റ് അംഗീകാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്. സംസ്ഥാനത്ത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സർക്കാർ മെഡിക്കൽ കോളജാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. എംപാനൽമെന്റ് ലഭിച്ചതോടെ ഇനി മുതൽ കേരളത്തിലെ മറ്റ് ആശുപത്രികളിൽ നിന്നുള്ള രോഗികളെ സൗജന്യ ചികിത്സയ്ക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാനാകും. ശസ്ത്രക്രിയയും തുടർന്നുള്ള ഫോളോ-അപ്പുകളും തികച്ചും സൗജന്യമായിരിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.ടി. മാധവൻ അറിയിച്ചു.
ഓർത്തോഡോന്റിക് വിഭാഗത്തിലെ ഡോ. തൃദീപിന്റെ നേതൃത്വത്തിലാണ് എംപാനൽമെന്റിനായുള്ള ശ്രമങ്ങൾ നടത്തിയത്. ജില്ലാ ആശുപത്രിയിൽനിന്നു രോഗികളെ റഫർ ചെയ്യുന്നതിനായി സമീപിച്ചപ്പോഴാണ് കോഴിക്കോട്ടെയും ചങ്ങനാശരിയിലെയും സ്വകാര്യ ആശുപത്രികൾക്ക് മാത്രമാണ് എംപാനൽമെന്റ് ഉള്ളതെന്ന് അറിയുന്നത്. ഇതോടെ നാഷണൽ ഹെൽത്ത് മിഷനെ സമീപിച്ച് നടത്തിയ പരിശ്രമങ്ങളാണ് ഇപ്പോൾ വിജയത്തിലെത്തിയത്. എം. പാനൽമെന്റ് നേടിയെടുക്കുന്നതിനായി ഡോ. സോണി ജേക്കബ്, ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. സജി, മുൻ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരുടെ ഇടപെടലുകളും നിർണായകമായിരുന്നു. ഈ നേട്ടം കൈവരിക്കാൻ പ്രയത്നിച്ച മുഴുവൻ ജീവനക്കാരെയും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.ടി. മാധവൻ അഭിനന്ദിച്ചു.
2004 മുതൽ മെഡിക്കൽ കോളജിലെ ഡെന്റൽ വിഭാഗമായ ഓറൽ ആൻഡ് മാക്സില്ലോ ഫേഷ്യൽ സർജറി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഈ ശാസ്ത്രക്രിയകൾ ആശുപത്രിയിൽ വിജയകരമായി ചെയ്തു വരുന്നുണ്ട്. ഇതുവരെയായി നൂറിലധികം ശസ്ത്രക്രിയകൾ ആശുപത്രിയിൽ ചെയ്തിട്ടുണ്ട്. ജനിച്ച ഉടൻ മുതൽ 18 വയസ് വരെ നീളുന്ന ഘട്ടങ്ങളായുള്ള ഫോളോഅപ്പുകളാണ് മുച്ചിറി, മേലണ്ണാക്ക് വിടവ് പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് ആവശ്യം.
ഓർത്തോഡോന്റിക്സ്, ഇഎൻടി, പ്ലാസ്റ്റിക് സർജറി, സ്പീച്ച് തെറാപ്പി, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളുടെ സംയോജിത സേവനത്തിലൂടെയാണ് വിവിധ ഘട്ടങ്ങളിലായുള്ള ചികിത്സ നടത്തിവരുന്നത്.
Tags : NattuVishesham DistricteNews