ശ്രീധന്യ
കാസര്‍ഗോഡ്: വയനാട്ടിലെ തനതായ സാമൂഹിക ജീവിതം പുലര്‍ത്തുന്ന ആദിവാസി ഗോത്രസമൂഹമായ കുറിച്യ വിഭാഗത്തില്‍നിന്ന് ഐഎഎസ് നേടിയ ആദ്യ വ്യക്തി ശ്രീധന്യ സുരേഷ് കാസര്‍ഗോഡിന്റെ പുതിയ കളക്ടറായി ചുമതലയേല്‍ക്കുന്നു.
പൊഴുതന പഞ്ചായത്തില്‍ ഇടിയംവയല്‍ ഉന്നതിയിലെ സുരേഷിന്റെയും കമലയുടെയും മകളായ ശ്രീധന്യ സാമൂഹികമായും സാമ്പത്തികമായും ഏറെ വിഷമതകൾ സഹിച്ചാണ് അക്കാദമിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചത്. കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍നിന്ന് അപ്ലൈഡ് സുവോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിനു ചേര്‍ന്നത്. അതിനുമുമ്പ് വയനാട്ടിലെ എന്‍ ഊര് ടൂറിസം പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്നു.
2019 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കോടെയാണ് ഐഎഎസ് കരസ്ഥമാക്കിയത്. തുടര്‍ന്ന് കോഴിക്കോട് അസി. കളക്ടറായും പെരിന്തല്‍മണ്ണ സബ് കളക്ടറായും രജിസ്ട്രേഷന് വകുപ്പ് ഐജിയായും സേവനമനുഷ്ഠിച്ചു. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്തുനിന്നാണ് ഇപ്പോള്‍ കാസര്‍ഗോഡ് കളക്ടറായി നിയമിതയാകുന്നത്.
Tags : NattuVishesham DistricteNews