കരിവെള്ളൂര്‍ മലാപ്പ് ചെമ്പോട്ടിക്കുന്നിലുള്ള പെരികമന ഇല്ലപ്പറമ്പിലെ മഹാശിലായുഗ സ്മാരകങ്ങളായ കുടക്കല്ലുകളില്‍ ആര്‍ക്കിയോളജി വകുപ്പ് നടത്തുന്ന പര്യവേക്ഷ
പയ്യന്നൂർ: കരിവെള്ളൂര്‍ മലാപ്പ് പെരികമന ഇല്ലപ്പറമ്പിലെ മഹാശിലായുഗസ്മാരകങ്ങളായ കുടക്കല്ലുകള്‍ക്ക് 2800 വര്‍ഷത്തോളം പഴക്കം. ഇരുമ്പുയുഗ സംസ്കൃതിയുടെ ഭാഗമായാണ് മലാപ്പ് ചെമ്പോട്ടിക്കുന്നിലെ കുടക്കല്ലുകള്‍ സ്ഥാപിക്കപ്പെട്ടതെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇവയെല്ലാം പൂര്‍വസ്ഥിതിയിലാക്കി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ആര്‍ക്കിയോളജി വിഭാഗം.
സംഘകാലത്ത് നിലനിന്നിരുന്ന അഞ്ചുതരം ശവമടക്ക് രീതികളിലൊന്നായിരുന്നു കുടക്കല്ല് നിര്‍മിതിയെന്ന് പ്രാദേശിക ചരിത്രകാരനായ വി. മുരളീധരന് പറഞ്ഞു. ഗോത്രമൂപ്പന്മാരുടെ മൃതസംസ്കാരം നടത്തുന്നതിനായി നിര്‍മിച്ച എട്ടു കുടക്കല്ലുകളുള്ളതില് ആറെണ്ണം കാലപ്പഴക്കത്താല്‍ വീണുപോയിരുന്നു.
തമിഴക സംഘകാല കൃതിയായ മണിമേഖലയില്‍ ഇതുസംബന്ധിച്ച് പ്രതിപാദ്യമുണ്ട്. അക്കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ കലാവൈഭവത്തിന്റെ പ്രതീകം കൂടിയായ കുടക്കല്ലുകള്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ഒരു മാസത്തോളം നീണ്ടുനില്‍ക്കും.
ഈജിപ്തിലുള്ളതുപോലെ കേരളത്തിലെ പിരമിഡുകള്‍ എന്ന് ഇവയെ വിളിക്കാം. കഴിഞ്ഞ ദിവസം നടന്ന ഉത്ഖനനത്തിനിടയില്‍ തൊപ്പിക്കല്ല് കണ്ടെത്തിയിരുന്നു. കുഴിയുണ്ടാക്കി അതിന് മുകളില്‍ അടപ്പ് പോലെ മൂടുന്നതിനായി നിര്‍മിച്ചതാണ് തൊപ്പിക്കല്ല്. കൂടാതെ പഴുതറകളുമുണ്ട്. മൂന്ന് മഹാശിലാ സ്മാരകങ്ങള്‍ ഒരുപ്രദേശത്തുതന്നെ കാണുന്നുവെന്ന പ്രത്യേകതയുമുണ്ടെന്ന് ചരിത്രകാരനായ ഇ. ഉണ്ണികൃഷ്ണന് പറഞ്ഞു. ഈ പ്രദേശത്തെ ഉത്ഖനനത്തിൽ നന്നങ്ങാടികള്‍ കണ്ടെത്താമെന്ന പ്രതീക്ഷയും ഗവേഷകര്‍ക്കുണ്ട്.
സംഘകാല സംസ്കൃതിയുടെ കാലത്ത് ഇവിടെ നിന്നിരുന്ന സമാനമായ
നാഗരികതയുടെയും കാര്‍ഷിക സംസ്കാരത്തിന്റെയും അവശേഷിപ്പുകളാണിത്. യന്ത്രസംസ്കാരത്തിന് മുമ്പുതന്നെ എല്ലാത്തരത്തിലും വികസിച്ചിരുന്ന ഗ്രാമ സംസ്കാരം ഇവിടെയുണ്ടായിരുന്നു. ചിതം എന്ന സൊസൈറ്റി രൂപീകരിച്ചാണ് ചരിത്രഗവേഷകര്‍ക്ക് പഠിക്കാനുള്ള അവസരമൊരുക്കുന്നതെന്ന് സൊസൈറ്റി അംഗമായ സി. ദിവാകരന് പറഞ്ഞു. കരിങ്കല്‍ ചീളുകളും പുഴയില്‍ കാണുന്ന ഉരുളന്‍കല്ലുകളും കുടക്കല്ലിന്റെ നിര്‍മിതിക്ക് ഉപയോഗിച്ചതായി കണ്ടെത്തി.
പുരാവസ്തു വകുപ്പ് കോഴിക്കോട് പഴശിരാജ മ്യൂസിയം ഓഫിസര്‍ കൃഷ്ണരാജ്, എസ്കവേഷന്‍ അസിസ്റ്റന്റ് വിമല്‍കുമാര്‍, റിസര്‍ച്ച് അസിസ്റ്റന്റ് വി.എന്‍. ആര്യ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഉത്ഖനനത്തിനും ചലച്ചിത്ര ഛായാഗ്രാഹകനും ഹെറിറ്റേജ് ഫോട്ടോഗ്രാഫറുമായ എ. മുഹമ്മദ് ഡോക്യുമെന്റേഷനും നേതൃത്വം നല്കുന്നു.
Tags : NattuVishesham DistricteNews