തങ്കളം- കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവർ ചേർന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നു.
കോതമംഗലം: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നു. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവർ ചേർന്നാണ് ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈപ്പാസ് തുറന്നത്.
2003 ൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ച പദ്ധതിക്ക് 2009ൽ നിർമാണാനുമതി ലഭിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ, സാങ്കേതിക പ്രശ്നങ്ങൾ, കുറൂർതോടിന് കുറുകെയുള്ള പാലത്തിന്റെ നിർമാണം, കെഎസ്ഇബിയുടെ 66 കെവി ടവർ ലൈൻ മാറ്റൽ, കോടതി നടപടികൾ തുടങ്ങി വിവിധ ഘട്ടങ്ങളിലുണ്ടായ പ്രതിസന്ധികൾ എന്നിവ പദ്ധതി വൈകിപ്പിച്ചു.
2019–20ലെ ബജറ്റ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയെങ്കിലും നിർമാണ പ്രവർത്തികൾ മന്ദഗതിയിൽ ആയിരുന്നു. എംഎൽഎയായി ചുമതലയേറ്റശേഷം ന്യൂ ബൈപ്പാസ് നിർമാണത്തിന്റെ പുരോഗതി സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഷിബു തെക്കുംപുറം നിരന്തരം യോഗങ്ങൾ നടത്തുകയും അവശേഷിച്ച പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ഇടപെടലുകൾ നടത്തുകയും ചെയ്തു. ബൈപ്പാസ് തുറന്നതോടെ പെരുന്നാൾ ദിവസങ്ങളിലുൾപ്പെടെ നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മൂന്നു മാസത്തിനകം ബൈപ്പാസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, കെ.പി. ബാബു, ബാബു ഏലിയാസ്, പി.എം. സക്കറിയ, അബു മൈതീൻ, എ.ടി. പൗലോസ്, ജോമി തെക്കേക്കര, പി.എ.എം. ബഷീർ, പി.കെ. മൊയ്തു, എ.സി. രാജശേഖരൻ, ഷിബു കുര്യാക്കോസ്, പി.സി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews