പയ്യാവൂർ–കുന്നത്തൂർപാടി കാഞ്ഞിരക്കൊല്ലി റോഡ്
പയ്യാവൂർ: പയ്യാവൂർ-കുന്നത്തൂർ പാടി-പാടാംകവല-കാഞ്ഞിരക്കൊല്ലി-മണിക്കടവ്-നുച്യാട് റോഡിന്റെ നവീകരണത്തിനായി 60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.
മലയോര മേഖലയിലെ പ്രധാന റോഡുകളിലൊന്നായ ഈ റോഡ് ശശിപ്പാറ, അളകാപുരി തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തിലേക്കുമുള്ള പ്രധാന പ്രവേശനപാത കൂടിയാണ്. നിലവിൽ ഇടുങ്ങിയതും പല ഭാഗങ്ങളിലും തകർന്ന നിലയിലുമായ റോഡ് വർഷങ്ങളായി യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുവരികയായിരുന്നു. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും തീർഥാകർക്കും ഏറെ ആശ്വാസകരമാകുമെന്ന് എംഎൽഎ പറഞ്ഞു. പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ വികസനം മലയോര മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകരമാകും.
60 കോടി രൂപയുടെ വികസന പദ്ധതി യാഥാർഥ്യമാകുന്നതോടെ മലയോര മേഖലയിലെ റോഡ് ഗതാഗത രംഗത്തെ വലിയ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നതെന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
Tags : NattuVishesham DistrictNews