ചെറുപുഴ ചെക്ക് ഡാം അടച്ച നിലയിൽ.
പാലാവയൽ: കർണാടക വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതോടെ കാസർഗോഡ് ജില്ലയുടെ കിഴക്കൻ മലയോരമേഖലയിലെ തയ്യേനി, പാലാവയൽ പ്രദേശങ്ങൾ ഏറെക്കുറെ പൂർണമായും ഒറ്റപ്പെട്ടു. തയ്യേനി വായ്ക്കാനം - കൊയിലംപാറ എസ്റ്റേറ്റ് റോഡ് ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും പൂർണമായും തകർന്നു. എട്ട് വീടുകൾക്ക് നാശമുണ്ടായി. 12 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
തയ്യേനി ലൂർദ് മാതാ പള്ളി കപ്പേളയുടെ ചുറ്റുമതിൽ തകർന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും ജനപ്രതിനിധികളും സ്ഥലത്തെത്തി.
പല സ്ഥലങ്ങളിലും ഇപ്പോഴും എത്തിപ്പെടാനാവാത്ത സാഹചര്യമായതിനാൽ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കാൻ കഴിഞ്ഞിട്ടില്ല.
പുളിങ്ങോം - പാലാവയൽ പാലവും ഏണിച്ചാൽ പാലവും വെള്ളത്തിൽ മുങ്ങി. ഓടപ്പള്ളി, ഏണിച്ചാൽ, മുനയംകുന്ന് പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ചിറ്റാരിക്കാൽ-നല്ലോംപുഴ- ചെറുപുഴ റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.