തകര്‍ന്നുതരിപ്പണമായ ചെമ്മട്ടംവയല്‍-കുറ്റിക്കാല്‍-ബല്ലവയല് റോഡ്.
കാഞ്ഞങ്ങാട്: യാത്രക്കാരെ ദുരിതത്തിലാക്കിയ ചെമ്മട്ടംവയല്‍-കുറ്റിക്കാല്‍-ബല്ല വയല്‍ റോഡ് നിര്‍മാണം അനന്തമായി നീളുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍നിന്ന് മടിക്കൈ വഴി മലയോരത്തേക്കുള്ള പാതയിലെ ചെമ്മട്ടംവയല്‍-കുറ്റിക്കാല്‍-ബല്ലവയലിലെ 200 മീറ്റര്‍ റോഡ് നവീകരണമാണ് അനന്തമായി വൈകുന്നത്. ഇഴഞ്ഞുനീങ്ങിയ നവീകരണത്തില്‍ കലുങ്ക് നിര്‍മാണവും റോഡ് ഉയര്‍ത്തലും നടന്നെങ്കിലും റോഡിന്റെ പ്രതലം ഉറപ്പിച്ച് ടാറിംഗ് നടത്താന്‍ കരാറുകാരന് തയാറായിട്ടില്ല.
കുഴികളും ചെരിവുകളും നിറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ ആടിയുലഞ്ഞാണ് കടന്നുപോകുന്നത്. വേനലില്‍ പൊടിശല്യം കൊണ്ട് പൊറുതിമുട്ടുന്ന റോഡ് ചാറ്റല്‍മഴ വരുമ്പോള്‍തന്നെ ചെളിക്കുളമായി മാറും. നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ചെളിയില്‍ തെന്നിവീഴുന്നത്. ജില്ലാ ആശുപത്രിയിലേക്കുള്ള രോഗികളടക്കം ആശ്രയിക്കുന്ന റോഡാണിത്. പ്രാദേശികമായി പ്രശ്നമുയരുമ്പോള് അടുത്തുതന്നെ ടാറിംഗ് തുടങ്ങുമെന്ന പല്ലവിയാവര്ത്തിച്ചാണ് ജനപ്രതിനിധികള്‍ തടിയൂരുന്നത്. റോഡ് ഉയര്‍ത്തിയും കലുങ്ക് നിര്‍മിച്ചുമുള്ള നവീകരണം ഏപ്രില്‍ പകുതിയോടെ പണി പൂര്ത്തീകരിക്കമെന്നായിരുന്നു തുടക്കത്തില്‍ പൊതുമരാമത്ത് വകുപ്പ് നല്കിയ ഉറപ്പ്. ചെമ്മട്ടംവയല്‍-കാലിച്ചാനടുക്കം റോഡില്‍ 18.7 കിലോമീറ്റര്‍ നവീകരിച്ചപ്പോള്‍ ഇവിടെ 200 മീറ്റര്‍ നവീകരിച്ചിരുന്നില്ല.
മഴക്കാലത്ത് റോഡ് പതിവായി മുങ്ങുന്നതിനാല്‍ റോഡ് ഉയര്‍ത്തണമെന്ന നാട്ടുകാരുടെ ആവശ്യമാണ് നിര്‍മാണം നീട്ടിവെക്കാന്‍ ഇടയാക്കിയത്.
Tags :