വടക്കനാട് പള്ളിവയലിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങുമറിച്ചിട്ട നിലയിൽ.
സുൽത്താൻ ബത്തേരി: വടക്കനാട് പള്ളിവയലിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങും കമുകും മറിച്ചിട്ടതിനെ തുടർന്ന് വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് വെള്ളക്കെട്ട് കുട്ടികൃഷ്ണന്റെ വീടിന് മുകളിലേക്ക് കാട്ടാന തെങ്ങും കമുകും മറിച്ചിട്ടത്. മഴയായിരുന്നതിനാൽ കാട്ടാന തോട്ടത്തിലെത്തിയതും മരങ്ങൾ മറിച്ചിടുന്നതും വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിന്നീട് വീടിന് മുകളിലേക്ക് തെങ്ങ് വീണ വലിയ ശബ്ദം കേട്ടാണ് എല്ലാവരും പുറത്തേക്കിറങ്ങിയത്.
തെങ്ങ് വീണ ആഘാതത്തിൽ വീടിന്റെ മേൽക്കൂരയും ഒരു മുറിയും ഭാഗികമായി തകർന്നു. മുറ്റത്തെ കിണർ ഇടിഞ്ഞുവീഴുകയും വെള്ളമെടുക്കാൻ സ്ഥാപിച്ചിരുന്ന മോട്ടോർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിക്കുകയും ചെയ്തു.
തെങ്ങ് പതിച്ച ഭാഗത്തെ മുറിയിൽ ആരും ഇല്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാണെന്നും പലതവണ പരാതിപ്പെട്ടിട്ടും വനവകുപ്പ് അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
കാട്ടാനകൾ പതിവായി ജനവാസ മേഖലയിലിറങ്ങുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നതായും അവർ പറഞ്ഞു.
Tags : NattuVishasham DistrictNews