ദുഃഖാര്‍ത്തരായ ഭാര്യ സംഗീതയും കുടുംബാംഗങ്ങളും.
പാമ്പാടി: സിക്കിമില്‍ തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹനു നാട് കണ്ണീരോടെ വിടചൊല്ലി. ഇന്നലെ രാവിലെ ഏഴോടെയാണ് അനീഷിന്റെ മൃതദേഹവും വഹിച്ചുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ബന്ധുക്കളും പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്കും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി നോര്‍ക്ക തയാറാക്കിയ ആംബുലന്‍സില്‍ 10.35നു പത്താഴക്കുഴിയിലെ കൂരോത്തുപറമ്പില്‍ വീട്ടില്‍ എത്തിച്ചു.
ഭാര്യ സംഗീത, മകന് അര്‍ണവ്, എട്ടുമാസം പ്രായമുള്ള മകൾ കാര്‍ത്യായനി, അനീഷിന്റെ സഹോദരന് ബിനീഷ് മോഹന്‍ എന്നിവരും ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചിരുന്നു. സുഹൃത്തുക്കളും അയല്‍വാസികളും ബന്ധുക്കളും അടങ്ങുന്ന വലിയ ജനാവലി അനീഷിനെ അവസാനമായി ഒരുനോക്കു കാണാന്‍ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു.
വീട്ടുമുറ്റത്തെ പന്തലില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ദുഃഖം താങ്ങാനാവാതെ ബന്ധുമിത്രാദികള്‍ വിതുമ്പി. ഉച്ചകഴിഞ്ഞു രണ്ടോടെ മരണാനന്തര ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് വീടിന് സമീപത്ത് ഒരുക്കിയ ചിതയിലാണ് അനീഷിന്റെ മൃതദേഹം ദഹിപ്പിച്ചത്. മകന് അര്‍ണവാണ് ചിതയ്ക്ക് തീകൊളുത്തിയത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, വി.എന്‍. വാസവന്, പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.