ആലപ്പുഴ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അർത്തുങ്കൽ ബസലിക്കയിൽ കെ.സി. വേണുഗോപാൽ എംപി നിർവഹിക്കുന്നു.
ചേര്‍ത്തല: ഏഴര പതിറ്റാണ്ടിന്റെ നന്മകൾ വിളിച്ചോതി ആലപ്പുഴ രൂപത 75 ന്റെ നിറവിൽ. ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം അർത്തുങ്കൽ ബസലിക്കയിൽ അനേകായിരങ്ങളെ സാക്ഷിയാക്കി കെ.സി. വേണുഗോപാൽ എംപി നിർവഹിച്ചു.
രാഷ്ട്രീയ വീഥിയിൽ പിച്ചവച്ച് നടക്കാൻ പരിശ്രമിച്ച തനിക്ക് ഉറച്ച പിന്തുണ നൽകിയത് ആലപ്പുഴ രൂപതാ സമൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. തോട്ടപ്പള്ളിയിലും പുന്നപ്രയിലും അഴീക്കലും അന്ധകാരനഴിയിലും പശ്ചിമകൊച്ചിയിലുമുള്ള തീരദേശജനതയുടെ ഏതൊരു ക്ലേശങ്ങളിലും സഹായമെത്തിക്കാനും സമരമുഖം തുറക്കാനും കാലാകാലങ്ങളിൽ ആലപ്പുഴ രൂപതാധ്യക്ഷന്മാർ മുന്നിലുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു.
2004 ലെ സുനാമി ദുരന്തശേഷമുണ്ടായ പുനരധിവാസ വിഷയങ്ങളിലെ നീതി നിഷേധങ്ങൾക്കെതിരേ ആലപ്പുഴ കലക്ട്രേറ്റ് പടിക്കൽ രൂപതയിലെ എല്ലാ വൈദികരും കുത്തിയിരുപ്പ് സമരം നടത്തിയത് തന്റെ ജീവിതത്തിലെ അപൂർവവും മറക്കാനാവാത്തതുമായ സംഭവമായിരുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. രാജ്യത്തെ ആനുകാലിക സംഭവങ്ങളിൽ ഏറെ തിരക്കേറിയ സമയമായിരുന്നിട്ടുകൂടി പുലർച്ചെ നാലിന് എത്തി രൂപതാ ജൂബിലി ആഘോഷച്ചടങ്ങിൽ പങ്കെടുത്തത് ആലപ്പുഴ രൂപത നൽകുന്ന നിസീമമായ ആത്മശക്തി ഒന്നുകൊണ്ടു മാത്രമാണെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മെട്രോപോളിറ്റൻ ആർച്ച്ബിഷപ് ഡോ.തോമസ് ജെ. നെറ്റോ അനുഗ്രഹപ്രഭാഷണം നടത്തി. ആലപ്പുഴ രൂപതയുടെ നാൾവഴികളിൽ താൻ അഭിമാനം കൊള്ളുന്നുവെന്നും ലോകമെങ്ങും ശാന്തിയുടേയും സമാധാനത്തിന്റേയും വാഹകരായി ആലപ്പുഴ രൂപതാംഗങ്ങളും സന്യസ്ത പ്രേഷിതരും നിറഞ്ഞ് നിൽക്കുന്നതിൽ അതിയായി സന്തോഷിക്കുന്നുവെന്നും ഡോ.തോമസ് ജെ. നെറ്റോ പറഞ്ഞു.
തുടർന്ന് അദ്ദേഹം രൂപത പ്ലാറ്റിനം ജൂബിലി ലോഗോ അനാച്ഛാദനം ചെയ്തു. ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിൽ അധ്യക്ഷനായിരുന്നു. തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ രൂപതാ വിദ്യാഭ്യാസ ശുശ്രൂഷാ സമിതിയുടെ വാർഷിക പദ്ധതി പ്രഖ്യാപിച്ചു. പി. പ്രസാദ് എംഎല്‍എ ജൂബിലി ഭവനങ്ങളുടെ താക്കോൽദാന കർമം നിർവഹിച്ചു. എ.ഡി. തോമസ് എംഎല്‍എ യുവജന സംബന്ധിയായ ജൂബിലി വർഷ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. മുഹമ്മദ് ഷിയാസ് എംഎല്‍എ കുടുംബശുശ്രൂഷാ സമിതിയുടെ ജൂബിലി വർഷ പദ്ധതിയുടെ അവതരണം നടത്തി.
കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി ഐഎഎസ് ലെയ്റ്റി കമ്മിഷൻ പദ്ധതി പ്രകാശനവും ജില്ലാ പഞ്ചായത്ത് അംഗം ജയിംസ് ചിങ്കുതറ സാമുഹ്യ ശുശ്രൂഷാ ജൂബിലിപദ്ധതി അവതരണവും നടത്തി. വിവിധ തലങ്ങളിലുള്ള അവാർഡ് പ്രഖ്യാപനം രൂപതാ പാസ്ട്രൽ സെക്രട്ടറി അനിൽ ആന്റണി നടത്തി. മദർ ജനറൽ സിസ്റ്റര്‍ ലീലാ ജോസ് കുന്നേൽ എസ്വിസി, ഫാ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, ഫാ. ജോൺസൺ ശാസ്താംപറമ്പിൽ, അർത്തുങ്കൽ ബസലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ എന്നിവർ പ്രസംഗിച്ചു. രാവിലെ ഒമ്പതിന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് രൂപതയിലെ 50 ൽ പരം വൈദികർ നേതൃത്വം നൽകി. രൂപതയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ഒരു വർഷം നീളുന്ന ജൂബിലി ആഘോഷങ്ങളും പദ്ധതികളുമാണ് നടപ്പിലാക്കുകയെന്ന് വികാരി ജനറൽ ഫാ. ജോയി പുത്തൻവീട്ടിൽ പറഞ്ഞു.
Tags : NattuVishesham.DistricteNews