പാലമറ്റം കാളക്കടവ് മുതല്‍ നേര്യമംഗലം കൃഷി ഫാം വരെ പെരിയാര്‍ തീരത്ത് തൂക്ക് സൗരോര്‍ജ വേലിയുടെ നിര്‍മാണോദ്ഘാടനം ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിക്കുന്നു.
കോതമംഗലം: തട്ടേക്കാട് കവളങ്ങാട് മേഖലയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ പാലമറ്റം കാളക്കടവ് മുതല്‍ നേര്യമംഗലം കൃഷിഫാം വരെ പെരിയാര്‍ തീരത്ത് തൂക്ക് സൗരോര്‍ജ വേലിയുടെ നിര്‍മാണോദ്ഘാടനം ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു. പെരിയാറില്‍ നിന്നു കടന്നുവരുന്ന കാട്ടാനകളുടെ കടന്നുകയറ്റം മൂലം കൃഷിനാശവും സ്വത്തിനും മനുഷ്യജീവനും ഭീഷണിയും നേരിടുന്ന പ്രദേശങ്ങളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കോതമംഗലം ഫോറസ്റ്റ് ഡിവിഷനു കീഴില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ രണ്ട് ഭാഗങ്ങളിലായി ആകെ 18.50 കിലോമീറ്റര്‍ നീളത്തില്‍ തൂക്ക് സൗരോര്‍ജ വേലി സ്ഥാപിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍കെവിവൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 166.72 ലക്ഷം രൂപയുടെ അടങ്കല്‍ തുകയിലാണ് പ്രവൃത്തികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കാട്ടാനകള്‍ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നുകയറുന്നത് നിയന്ത്രിക്കുന്നതിലൂടെ കൃഷിനാശവും സാമ്പത്തിക നഷ്ടങ്ങളും കുറയ്ക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പ്രദേശത്തിന്റെ ഭൂപ്രകൃതി, ജലാശയങ്ങള്‍, റോഡുകള്‍, കൃഷിയിടങ്ങള്‍, വനാതിര്‍ത്തികള്‍ എന്നിവ പരിഗണിച്ച് അനുയോജ്യമായ രീതിയിലാണ് തൂക്ക് സൗരോര്‍ജ വേലി സ്ഥാപിക്കുന്നത്.
കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോതമംഗലം ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ കെ.ആര്. സൂരജ് ബെന്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിയാമോള്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : NattuVishesham.DistricteNews