കാഞ്ഞങ്ങാട്: കുണ്ടംകുഴി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജിബിജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്) നിധി ലിമിറ്റഡ്, ബിഗ് പ്ലസ് ഫിനാന്‍സ് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് അവരുടെ നിക്ഷേപത്തുക തിരികെ ലഭിക്കാൻ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബേഡകം കുണ്ടംകുഴി സ്വദേശി ഡി. വിനോദ്കുമാര്‍ മാനേജിംഗ് ഡയറക്ടറായ സ്ഥാപനം ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. കമ്പനിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെര്‍ക്കള ബ്രാഞ്ചില്‍ 12.62 കോടി രൂപ പൊലിസ് കണ്ടുകെട്ടിയിരുന്നതായും ഈ തുക പണം നഷ്ടപ്പെട്ട 250ഓളം നിക്ഷേപകര്‍ക്ക് നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കെ. നീലകണ്ഠന് എംഎല്‍എക്കും ജില്ലാ കളക്ടര്‍ക്കും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നിവേദനം നല്കി.
എംഎല്‍എയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്ത് ഹോം സെക്രട്ടറിയുടെ ഓഫിസിലെത്തി വിശദാംശങ്ങള്‍ ബോധ്യപ്പെടുത്തി. ഹോം സെക്രട്ടറിയുടെ ഓഫിസില്‍ കേസിന്റെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇ-മെയില്‍ അയച്ചിരുന്നെങ്കിലും കളക്ടറേറ്റില്‍നിന്നും മറുപടി നല്‍കിയില്ലെന്നും ഭാരവാഹികള്‍ ആരോപിക്കുന്നു.
ജിബിജിയിലെ പ്രശ്നങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനുശേഷമാണ് തൃശൂര്‍ ആസ്ഥാനമായ ഹൈറിച്ച് കമ്പനിയിലെ തട്ടിപ്പ് പുറത്തുവരുന്നത്. ഹൈറിച്ച് നിക്ഷേപകര്‍ക്ക് പണം തിരികെ ലഭ്യമാക്കുന്നതിന് ക്ലെയിം ഫോം പൂരിപ്പിച്ച് നല്‍കണമെന്ന നിര്‍ദേശം കാസര്‍ഗോഡ് കളക്ടറേറ്റില്‍ നിന്നുണ്ടായതായും തങ്ങളുടെ കാര്യത്തില്‍ അതുണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു.
മൂന്നരവര്‍ഷത്തോളമായി നിക്ഷേപത്തുക തിരികെ ലഭിക്കാന്‍ അലയുകയാണെന്നും ജില്ലാ ഭരണകൂടവും പൊലിസും നിയമനടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭം അടക്കമുള്ള ജനാധിപത്യപരമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും ഭാരവാഹികളായ പി. മോഹനന്, പി.എസ്. ശശിധരന്, കെ. ശ്രീധരന്, രാജു ഫ്രാന്‍സിസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തട്ടിപ്പ് എന്ന വിനോദം
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ കൈയില്‍ കിട്ടുന്നത് 1.80 ലക്ഷം രൂപ! നൂറു ശതമാനം പലിശയെന്ന ലോകത്ത് മറ്റാര്‍ക്കും നല്കാന് കഴിയാത്ത മോഹനവാഗ്ദാനം നല്കി രണ്ടുവര്‍ഷം കൊണ്ട് വിനോദ്കുമാര്‍ സമാഹരിച്ചത് 800 കോടി രൂപ. കാസര്‍ഗോഡ് ജില്ലയിലെ ബേഡകം പഞ്ചായത്തിലെ കുണ്ടംകുഴി എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ജിബിജി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് ഓരോ ദിവസം ഒഴുകിയെത്തുന്ന പണത്തിന്റെ കണക്ക് ഞെട്ടിക്കുന്നതായിരുന്നു. കാസര്‍ഗോട്ടു നിന്നു മാത്രമല്ല കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നും അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും ആളുകള്‍ ഈ ചെറുഗ്രാമത്തിലെ സ്ഥാപനത്തിലേക്ക് പണം നിക്ഷേപിക്കാനായി ഒഴുകിയെത്തി. തുടക്കകാലത്ത് 30 മുതല്‍ 35 ലക്ഷം രൂപ വരെയായിരുന്നു ഇവിടുത്തെ പ്രതിദിന നിക്ഷേപം. ഇതു 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയായി വര്‍ധിച്ചു. പ്രതിദിനം 50-100 ആള്‍ക്കാരാണ് പണം നിക്ഷേപിക്കാനെത്തിയത്. തനിക്ക് 2000 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് വിനോദ് നിക്ഷേപകരെ ആകര്‍ഷിച്ചത്. മണിചെയിന്‍ മോഡലിലായിരുന്നു പ്രവര്‍ത്തനം. പുതിയ ആള്‍ക്കാരെ ചേര്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം കമ്മിഷനും വാഗ്ദാനം ചെയ്യുന്നു. ഒരു രൂപ പോലും കമ്പനിയുടെ പരസ്യത്തിനായി ചെലവഴിച്ചില്ല. പകരം ഓരോ മുക്കിലും മൂലയിലും നിക്ഷേപകരെ ചേര്‍ക്കാനായി ഏജന്റുമാരെ നിയോഗിച്ചു. ചേര്‍ന്ന് കഴിഞ്ഞാല്‍ ആദ്യത്തെ രണ്ടുമാസത്തെ പലിശ ടാക്സ് എന്ന പേരില്‍ കമ്പനി പിടിച്ചുവയ്ക്കും. ഇങ്ങനെ പുതിയ നിക്ഷേപകരുടെ പണമെടുത്താണ് ആദ്യകാല നിക്ഷേപകര്‍ക്ക് പലിശ നല്‍കുന്നത്. രണ്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇക്കാലയളവില്‍ ഒരു രൂപ പോലും വായ്പയിനത്തില്‍ കൊടുത്തിരുന്നില്ല. നിക്ഷേപത്തിന് എട്ടുശതമാനം പലിശ നല്‍കിയും വായ്പയ്ക്കു 13 ശതമാനം പലിശയും ഈടാക്കിയുമാണ് നാട്ടിലെ ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നിരിക്കെ വായ്പ കൊടുക്കാതെ എങ്ങനെയൊരു ധനകാര്യസ്ഥാപനത്തിന് ഇത്രയും ഭീമമായ പലിശ നല്കി മുന്നോട്ടുപോകാനാകുമെന്ന സംശയം അന്നേ ബാങ്കിംഗ് മേഖലയിലുള്ളവര്‍ ഉന്നയിച്ചിരുന്നു.
സകല ബാങ്കിംഗ് നിയമങ്ങളും കാറ്റില്‍പ്പറത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരേ നടപടിയെടുക്കാന്‍ ഒടുവില്‍ പൊലിസ് നിര്‍ബന്ധിതമായി. 2022 നവംബറില്‍ ബേഡകം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടുമാസമായി അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ആരംഭഘട്ടത്തില്‍ ആരും പരാതിയുമായി വന്നിരുന്നില്ല. 2023 ജനുവരി 12നാണ് തങ്ങള്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാതെ വഞ്ചിച്ചെന്ന പരാതിയുമായി 17 പേര് പൊലിസിനെ സമീപിക്കുന്നത്. ജനുവരി 16ന് വിനോദ് കുമാര്‍ അറസ്റ്റിലായി.
വിനോദ് യെമനിലെ ജയിലില്‍ ?
കേസില്‍ ജാമ്യം ലഭിച്ച വിനോദ് ഗള്‍ഫിലേക്ക് മുങ്ങിയതായും പഴയ കേസിന്റെ പേരില്‍ യെമനില്‍ ജയിലിലായതായും സൂചനയുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. മുമ്പ് ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ വിനോദ് ഗള്‍ഫ് സമാനമായ തട്ടിപ്പുകള്‍ നടത്തിയിരുന്നതായും ഭാരവാഹികള്‍ ആരോപിച്ചു.
രേഖയില്ല, നിക്ഷേപം സ്വീകരിച്ചതിന്
പണം നിക്ഷേപിച്ചതിന് ഭൂരിഭാഗം പേരുടെ കൈവശവും യാതൊരു രേഖയുമില്ലെന്നതാണ് കേസിന്റെ പ്രധാന വെല്ലുവിളി. അഞ്ചുലക്ഷം രൂപ പണമായി നിക്ഷേപിച്ചിട്ടും ഒരു രസീത് പോലും കൈവശമില്ലാത്ത പരാതിക്കാരുണ്ട്. പണം ഇരട്ടിക്കുന്ന ബിഗ് പ്ലസ് ഫിന് ട്രേഡിംഗില്‍ പണം നിക്ഷേപിക്കണമെങ്കില്‍ ഇവരുടെ ചെറുകിട നിക്ഷേപസംരഭമായ ജിബിജി നിധി ലിമിറ്റഡിന്റെ ആയിരം രൂപ വിലമതിക്കുന്ന രണ്ടു ഷെയറുകള്‍ എടുക്കണം. മിക്ക നിക്ഷേപകരുടെയും കൈയില്‍ ഈ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേയുള്ളു. നിക്ഷേപകരുടെ മൊബൈല്‍ ഫോണില്‍ ഇവര്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. നിക്ഷേപിച്ച പണവും ഇതില്‍ നിന്നു കിട്ടിയ പലിശയുമെല്ലാം ഇതിലാണ് രേഖപ്പെടുത്തുക. ഇതില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന പരാതി വ്യാപകമാണ്. നിധി സ്കീമില്‍ മാത്രം 4700 നിക്ഷേപകരുണ്ട്. ബിഗ് പ്ലസില്‍ എത്ര നിക്ഷേപകരുണ്ടെന്ന കാര്യം പൊലിസിനും അറിയില്ല.
ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കേസിലെ പ്രതി
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി കോടികള്‍ വെട്ടിച്ച ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കേസിലെ പ്രതിയാണ് വിനോദ്കുമാര്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നു മാത്രം ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ അന്നു 31 കോടി രൂപ വിനോദ്കുമാര്‍ സമാഹരിച്ചതായി പൊലിസ് പറഞ്ഞു. കേസന്വേഷണം നടത്തിയ കണ്ണൂര്‍ ക്രൈംബ്രാഞ്ച് 2015 ല്‍ വിനോദ്കുമാര്‍ ഉള്‍പ്പെടെ 22 പേര്‍ക്കെതിരേ ചതി, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനുകീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) പുതുതായി ഒരു കമ്പനി തുടങ്ങുന്നതില്‍ നിന്നും വിനോദ് കുമാറിനെ അഞ്ചു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. 2020 ഒക്ടോബര്‍ 31നാണ് ഈ വിലക്കിന്റെ കാലാവധി കഴിഞ്ഞത്. തുടര്‍ന്ന് 12 ദിവസത്തിനുശേഷം എറണാകുളത്ത് ജിബിജി നിധി ലിമിറ്റഡ് എന്ന കമ്പനി ഇയാള്‍ രജസ്റ്റ് ചെയ്തു. ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റില്‍ പണം നഷ്ടപ്പെട്ടവരും ജിബിജിയില്‍ പണം നിക്ഷേപിച്ചിരുന്നു എന്നതാണ് വിരോധാഭാസം.
Tags : NattuVishesham.DistricteNews