തിരുവില്വാമലയിലെ അടച്ചുപൂട്ടിയ ടേക്ക് എ ബ്രേക്ക് വഴിയോരകേന്ദ്രം.
തിരുവില്വാമല: പഞ്ചായത്തും ടൂറിസം വകുപ്പും സംയുക്തമായി 30 ലക്ഷത്തോളം ചെലവില്‍ നിര്‍മിച്ച തിരുവില്വാമലയിലെ ടേക്ക് എ ബ്രേക്ക് (വഴിയോര വിശ്രമ കേന്ദ്രം) അടച്ചുപൂട്ടി.
അടിസ്ഥാനസൗകര്യങ്ങളിലെ പാകപ്പിഴകളാണ് അടച്ചുപൂട്ടലിന് വഴിയൊരുക്കിയത്. ചുരുങ്ങിയ കാലയളവിനുള്ളില്‍തന്നെ ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റിയുടെ സര്ട്ടിഫിക്കേഷന് ലഭിച്ചിരുന്നു. നിര്‍മാണത്തിലെ അപാകതമൂലം ടോയ്ലറ്റ് ഡ്രൈനേജ് സംവിധാനം താറുമാറായതും കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്തതയുമാണ് സ്ഥാപന നടത്തിപ്പിന് തിരിച്ചടിയായത് . സ്ഥാപനമുടമ നൗഫല്‍ ആനമല കുടിവെള്ള ടാങ്കറില്‍ വെള്ളം എത്തിച്ചാണ് കഫേ തിരുവില്വാമല നടത്തിയത്. സര്‍വീസ് ഫീ ഈടാക്കാമെന്ന സര്‍ക്കാര്‍ നിബന്ധന ഉണ്ടെങ്കിലും ശുചിമുറി സൗകര്യം ഇവിടെ ആര്‍ക്കും സൗജന്യമായി പ്രയോജനപ്പെടുത്താമായിരുന്നു. സ്ഥാപനം കഫേ മോഡലിലാണ് പ്രവര്‍ത്തിപ്പിച്ചത്. കാലവര്‍ഷത്തില്‍ ശുചിമുറിയുടെ ഡ്രെയിനേജ് സംവിധാനത്തിലൂടെ ലീക്ക് ഉണ്ടായി മലിനജലം പുറത്തേക്കൊഴുകിയെത്തിയതില് പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തി. സെപ്ടിക് ടാങ്ക് നന്നാക്കി നല്കണമെന്നാവശ്യപ്പെട്ടും പഞ്ചായത്തിന് കത്ത് നല്കി.
സെപ്ടിക് ടാങ്ക് നവീകരിക്കുന്നതിന് എല്‍എസ്ജിഡി എന്ജിനിയര്വന്ന് സ്ഥലം പരിശോധിച്ച് റീ എസ്റ്റിമേറ്റ് തയാറാക്കി. പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല. അടിസ്ഥാനസൗകര്യങ്ങളിലൊന്നായ കുടിവെള്ള ലഭ്യതയും ഇവിടെയില്ല. അധികൃതര്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടും സ്ഥാപനം നഷ്ടങ്ങളോടെ മുന്നോട്ടുകൊണ്ടുപോയി. പതിനെട്ടോളംപേരാണ് ഈ സംരംഭത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി ജോലിചെയ്തിരുന്നത്. ഇത്രയൊക്കെ തിരിച്ചടി നേരിട്ടിട്ടും സ്ഥാപനത്തിന്റെ മാസവാടക കുറക്കണമെന്നാവശ്യപ്പെട്ടുവെങ്കിലും നടപടിയായില്ല.
Tags : NattuVishesham.DistricteNews