മണ്ണാർക്കാട്, അഗളി 220 കെവി ജിഐഎസ് സബ്സ്റ്റേഷനുകളുടെ നിർമാണോദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കുന്നു.
മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിലെയും മണ്ണാർക്കാട് താലൂക്കിലെയും വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ളതും തടസരഹിതവുമായ വൈദ്യുതി ലഭ്യമാക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് നടപ്പാക്കുന്ന അട്ടപ്പാടി ഗ്രീൻ എനർജി കോറിഡോർ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന മണ്ണാർക്കാട്, അഗളി 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇന്നലെ മണ്ണാർക്കാട് നെല്ലിപ്പുഴയിലെ പാലാട്ട് റെസിഡൻസിയിൽ നടന്ന ചടങ്ങിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർമാണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കർ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയായി.
അട്ടപ്പാടി ഗ്രീൻ എനർജി കോറിഡോർ പദ്ധതി യാഥാർഥ്യമാകുന്നതോടെ പാലക്കാട് മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം പല ജലവൈദ്യുതി പദ്ധതികളും മുടങ്ങുന്ന സാഹചര്യത്തിൽ ഇത്തരം ബദൽ സംവിധാനങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തിന്റെ ഊർജ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ പദ്ധതി. പദ്ധതി പൂർത്തിയാകുന്നതോടെ മണ്ണാർക്കാട്, അഗളി, അട്ടപ്പാടി, ഷോളയൂർ, അലനല്ലൂർ, കാഞ്ഞിരപ്പുഴ, തെങ്കര തുടങ്ങിയ പ്രദേശങ്ങളിലെ വൈദ്യുതി പ്രസരണ ശൃംഖല കൂടുതൽ ശക്തിപ്പെടുകയും നിലവിലുള്ള വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുകയും ചെയ്യും. പ്രസരണ ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസ്യതയോടെയും വൈദ്യുതി ലഭ്യമാക്കുന്നതിനും പദ്ധതി സഹായകമാകും. കൂടാതെ, അട്ടപ്പാടി മേഖലയിലെ കാറ്റാടി, സൗരോർജം തുടങ്ങിയ പുനരുപയോഗ ഊർജസ്രോതസുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന 200 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ പ്രസരണ നഷ്ടത്തോടെ ഗ്രിഡിലേക്ക് എത്തിക്കുന്നതിനും പുതിയ വൈദ്യുതി പ്രസരണ ഇടനാഴി വഴിയൊരുക്കും. ജില്ലയിലെ വൈദ്യുതി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ വികസനത്തിനും പദ്ധതി നിർണായക മുന്നേറ്റമാകും.
മണ്ണാർക്കാട് നഗരസഭ ചെയർപേഴ്സൺ കെ. സജ്ന, ജനറേഷൻ ഇലക്ട്രിക്കൽ, സൗര ഡയറക്ടർ എം.പി. രാജൻ, ട്രാൻസ്ഗ്രിഡ് ചീഫ് എൻജിനിയർ വി. സുരേഷ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.കെ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham.DistricteNews