കരിപ്പാലിയിൽ മഴ മൂലമുണ്ടായ ഈർപ്പം കാരണം നെല്ല് വീണ്ടും റോഡിൽ ഇട്ട് ഉണക്കുന്ന തൊഴിലാളി.
കൊല്ലങ്കോട്: കാലംതെറ്റി പെയ്ത മഴ താലൂക്കിൽ കൊയ്ത്ത് നടത്തിയവർക്ക് കൂടുതൽ ദുരിതമായി. മിക്ക കർഷകരും വീടുകൾക്കു മുന്നിലാണ് ചാക്കുകളിൽ നെല്ല് സൂക്ഷിച്ചിരിക്കുന്നത്. തൊഴിലാളികളെ ഉപയോഗിച്ചാണ് നെല്ല് ഉണക്കി ചാക്കിലാക്കിയിരിക്കുന്നത്.
മഴ ചെയ്തതോടെ നെല്ലിന് വീണ്ടും ഈർപ്പം തട്ടുകയും വീണ്ടും തൊഴിലാളികളെ ഉപയോഗിച്ച് ഉണക്കൽ ജോലി നടത്തേണ്ട അവസ്ഥയാണ്. കറ്റക്കളങ്ങളില്ലാത്തതിനാൽ റോഡുകളിൽ നെല്ല് വിരിച്ചാണ് ഉണക്കൽ നടത്തുന്നത്.
നെല്ല് സംഭരണം ഇനിയും ആരംഭിക്കാത്തതിനാൽ കർഷകർ സൂക്ഷിച്ചുവെക്കാൻ പെടാപ്പാടുപെടുകയാണ്. വലിയ വാഹനങ്ങൾ കയറിയാൽ ടറോഡിൽ നെൽമണികൾ ഒട്ടിപ്പിടിക്കുന്നതും അളവിൽ ഗണ്യമായി കുറയുന്നതായും കർഷകർ പറയുന്നു.
നാമമാത്രമായ കർഷകർക്ക് മാത്രമാണ് കളപ്പുരയും കറ്റക്കളങ്ങളും ഉള്ളത്. കൊയ്യാറായ കർഷകരുടെ ദുരിതം ഇതിലും വലുതാണ്. രണ്ടുതവണ പെയ്ത മഴയിൽ നെൽച്ചെടികൾ വ്യാപകമായി വയലിലെ വെള്ളത്തിൽ വീണുകിടപ്പാണ്.
ഇത്തരം വയലുകളിൽ യന്ത്രകൊയ്ത്തും അസാധ്യമാണ്. തൊഴിലാളികളെ ഉപയോഗിച്ച് കൊയ്ത്ത് നടത്തിയാലും അളവിൽ കുറവ് വരുമെന്നതും കർഷകർക്ക് നഷ്ടക്കച്ചവടമായിരിക്കുകയാണ്. കൂടാതെ വൈക്കോൽ ലഭിക്കാത്തതിനാൽ ഇതിലൂടെയുള്ള വരുമാനവും നിലച്ചിട്ടുണ്ട്.
കനാൽ വെള്ളം ലഭിക്കാതെ കുഴൽകിണർ, കൊക്കർണി ജലത്തിൽ ഏറെ പ്രയത്നിച്ച് വളർത്തിയ നെൽച്ചെടികൾ കതിരിട്ട് കൊയ്യാറായപ്പോഴാണ് മഴ എത്തിയത്.
Tags : NattuVishesham.DistricteNews