കുഞ്ചിയാർപ്പതി പപ്പടപാറയിൽ ആനക്കൂട്ടം നശിപ്പിച്ച ആദിവാസികളുടെ വീടുകൾ വനപാലകർ പരിശോധിക്കുന്നു.
മംഗലംഡാം: മംഗലംഡാമിന്റെ ഉയർന്ന മലമ്പ്രദേശമായ കുഞ്ചിയാർപ്പതിക്കു മുകളിൽ പപ്പടപ്പാറയിൽ ആനക്കൂട്ടം നശിപ്പിച്ച ആദിവാസികളുടെ വീടുകളും പരിസരവും വനപാലകർ പരിശോധിച്ചു. ഒന്നും ശേഷിക്കാത്ത വിധം വീടുകളെല്ലാം നശിപ്പിച്ചിരിക്കുകയാണ്.
കുട്ടികൾ ഉൾപ്പെടെയുള്ള വലിയ ആനക്കൂട്ടമാണ് സ്ഥലത്തെത്തിയിരുന്നത്. നാല് വീടുകളാണ് ഉണ്ടായിരുന്നത്. ഈ നാല് വീടുകളും തകർത്തെറിഞ്ഞു.
വീടിനുള്ളിലെ അരി ഉൾപ്പെടെയുള്ള സാധനങ്ങളും വസ്ത്രങ്ങളും വലിച്ചെറിഞ്ഞും ചവിട്ടിയും നശിപ്പിച്ചിരിക്കുകയാണ്. വീടുകളും വീട്ടുസാധനങ്ങളും നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് പട്ടികവർഗ വകുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് മംഗലംഡാം ഡെപ്യുട്ടി റേഞ്ച് ഓഫീസർ മുഹമദ് ഹാഷിം പറഞ്ഞു.
ആലത്തൂർ റേഞ്ച് ഓഫീസർ, നെന്മാറ ഡിഎഫ്ഒ തുടങ്ങിയവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഡെപ്യുട്ടി റേഞ്ച് ഓഫീസർ അറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി. വിനീത്, എസ്. സജിത, എസ്. ഷഫ്ന, അൻസീറ, പി.ജെ. ലജിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പോയത്.
ആനക്കൂട്ടങ്ങൾ ഉൾക്കാട്ടിലേക്ക് മാറിയിട്ടില്ല. സമീപത്തു തന്നെ കറങ്ങുകയാണ്. ഇതിനാൽ വീട്ടുകാർക്ക് ഇന്നലേയും സ്ഥലത്തേക്ക് പോകാനായിട്ടില്ല.
Tags : NattuVishesham.DistricteNews