മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാരും അധ്യാപകരും സന്യസ്തർക്കൊപ്പം കരുണാലയത്തിൽ.
മണിക്കടവ്: മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) വോളന്റിയർമാർ ചെമ്പേരിയിലെ വയോജന സംരക്ഷണ കേന്ദ്രമായ കരുണാലയം സന്ദർശിച്ച് തൊണ്ണൂറോളം അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിളന്പി.സ്വന്തം വീടുകളിൽ നിന്നുള്ള പൊതിച്ചോറുകളുമായി വയോജനസദനത്തിലെത്തിയ വിദ്യാർഥികൾ സ്വയം ഭക്ഷണം കഴിക്കാൻ വിഷമിക്കുന്ന പ്രായമായവർക്ക് അടുത്തിരുന്ന് സ്നേഹത്തോടെ ഭക്ഷണം വാരിക്കൊടുത്തു.
മണിക്കടവ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹപൂർവം പ്രിയദർശിനി ചാരിറ്റബിൾ ഓർഗനൈസേഷന്റെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രിയദർശനി കൂട്ടായ്മ ഭാരവാഹിയും സ്കൂൾ പിടിഎ അംഗവുമായ സിജോ മഞ്ഞത്താനത്തിന്റെ സാമ്പത്തിക സഹായത്തോടെ കൂട്ടായ്മ അംഗങ്ങൾ ചേർന്ന് തയാറാക്കിയ പ്രത്യേക കറികളും ഭക്ഷണത്തോടൊപ്പം നൽകി.
വിവിധ അനാഥാലയങ്ങളിലും വയോജനകേന്ദ്രങ്ങളിലും മാസത്തിലൊരിക്കൽ ഭക്ഷണമെത്തിക്കുന്ന സംഘടനയുമായി കൈകോർക്കുന്ന സെന്റ് തോമസ് സ്കൂൾ വിദ്യാർഥികളുടെ രണ്ടാമത്തെ സംരംഭമാണിത്. മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ്, എൻഎസ്എസ് കോ-ഓർഡിനേറ്റർ പി.എം. അനുപമ, അധ്യാപിക അൽഫോൻസ് ജോയ്, പ്രിയദർശിനി കൂട്ടായ്മ ഭാരവാഹികളായ പ്രോമിസ് പി. ജോർജ്, പ്രിൻസ് പുഷ്പക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham.DistricteNews