പൂവൻകായകൾ വികാരി ഫാ. ജോൺസൺ കക്കാട്ട് വെഞ്ചരിക്കുന്നു.
കൊരട്ടി: കൊരട്ടിമുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിൽ പൂവൻകുലകളുടെ വെഞ്ചരിപ്പ് നടത്തി. ഇന്നലെ രാവിലെ 5.30ന് നടന്ന ദിവ്യബലിക്കും നൊവേനക്കുംശേഷം വികാരി ഫാ. ജോൺസൺ കക്കാട്ട് പൂവൻകുലകൾ വെഞ്ചരിച്ചു. ദേവാലയത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൂവൻകായ സമർപ്പണം.
ഇടവക സമൂഹം, ഫൊറോനയിലെ വിശ്വാസികൾ, നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മരിയഭക്തർ എന്നിവർ സമർപ്പിക്കുന്ന പൂവൻകുലകൾക്കു പുറമെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുമായി ആറു ഘട്ടങ്ങളിലായി 70 ടൺ പൂവൻകായയാണ് തിരുനാളിനായി എത്തിക്കുന്നത്. ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഇന്നലെ രാവിലെ പത്തോടെ പള്ളിയിലെത്തി മുത്തിക്ക് പൂവൻകുല സമർപ്പിച്ചു. വികാരി ഫാ. ജോൺസൺ കക്കാട്ട്, സഹവികാരിമാർ, പള്ളി ഭാരവാഹികൾ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ജോസ് കെ. മാണി എംപി, തോമസ് ഉണ്ണിയാടൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരും മുത്തിയുടെ സന്നിധിയിലെത്തി പൂവൻകുലകൾ സമർപ്പിച്ച് പ്രാർഥിച്ചു. വിശ്വാസികൾക്ക് തിരുനാൾ ആശംസകൾ നേർന്ന ശേഷമാണ് ഇവർ മടങ്ങിയത്.
ഇന്നലെ വൈകിട്ട് 5.30ന് ഫാ. നിഖിൽ പള്ളിപ്പാട്ടിന്റെ കാർമികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം പള്ളി ചുറ്റിയുള്ള പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് ഡിജിറ്റൽ വർണമഴയും
ഉണ്ടായിരുന്നു.
Tags : NattuVishesham.DistricteNews