പാലാ: ജാതിമത ഭേദമെന്യേ ഏവരുടെയും സ്നേഹവും ബഹുമാനവും നേടിയ വ്യക്തിത്വമാണ് തേവര്‍പറമ്പില്‍ കുഞ്ഞച്ചന് എന്നും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ യുഗപ്രഭാവനാണ് അദ്ദേഹമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ ജീവിതവും ദര്‍ശനങ്ങളും പുതുതലമുറയിലേക്ക് കൈമാറുന്നതിനായി രാമപുരം മാര്‍ ആഗസ്തീനോസ് കോളജില്‍ ആരംഭിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് ചെയര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കുഞ്ഞച്ചന് അതിമാനുഷനായ ഒരു പുണ്യാത്മാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ ദളിത് സമൂഹത്തോടുള്ള സ്നേഹവും ലാളിത്യവും ഇന്നത്തെ സമൂഹത്തിനു വലിയൊരു പാഠമാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. ദൈവത്തോട് അടുക്കുന്നവന് മനുഷ്യരില്‍നിന്ന് അകന്നുപോകുകയല്ല, മറിച്ച് മനുഷ്യരോട് കൂടുതല്‍ അടുക്കുകയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ച് പറഞ്ഞ മാര്‍ കല്ലറങ്ങാട്ട് സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നിട്ടും കുഞ്ഞച്ചന് മനുഷ്യരോട് കൂടുതല്‍ അടുത്തിരിക്കുകയാണെന്നും പറഞ്ഞു.
സമ്മേളനത്തില്‍ കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. നസ്രാണിപ്പെരുമ എന്ന പുസ്തകം ചെയര്‍ ഡയറക്ടര്‍ ഫാ. ഡോ. ജയിംസ് പുലിയുറുമ്പില്‍ പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, ഡിസിഎംഎസ് രൂപത ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേകൊല്ലിത്താനം, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, കോളജ് വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റര്മാരായ രാജീവ് കൊച്ചുപറമ്പില്‍, ജോബിന് പുതിയിടത്തുചാലില്‍, സ്റ്റാഫ് സെക്രട്ടറി സുനില്‍ കെ. ജോസഫ്, ചെയര്‍ സെക്രട്ടറി റെജീന സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.