മതിലകത്ത് സംയോജിത കൃഷി ക്ലസ്റ്റർ ലൈവ്ലിഹുഡ് സർവീസ് സെന്റർ ഓഫിസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു.
കയ്പമംഗലം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മതിലകം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പരിധിയിൽ എംകെഎസ്പി മുഖേന പ്രവർത്തിക്കുന്ന സംയോജിത കൃഷി ക്ലസ്റ്റർ ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ (എഫ്സിഎൽഎസ്സി) പുതിയ ഓഫിസ് പ്രവർത്തനമാരംഭിച്ചു. പൊക്ലായി കലാഭവൻ മണി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സുമതി സുന്ദരൻ ഉദ്ഘാടനം നിർവഹിച്ചു.
കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ ഉപജീവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്കും സംരംഭകർക്കും ആവശ്യമായ സാങ്കേതിക പിന്തുണയും പരിശീലനങ്ങളും ലഭ്യമാക്കുന്നതിനുമാണ് ഈ സെന്റർ ലക്ഷ്യമിടുന്നത്. കൂടാതെ കർഷകരുടെ ഉത്പന്നങ്ങൾ ശേഖരിച്ച് വിപണനം നടത്താനും ഈ പദ്ധതിയിലൂടെ സൗകര്യമൊരുക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ആൽഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എസ്. ജയ മുഖ്യാതിഥിയായി പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക് പദ്ധതി വിശദീകരണം നടത്തി. മതിലകം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹസീന റഷീദ്, എം.എ. ബിനേഷ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സിബി രാജേഷ്, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags :