ഉഷാ ജോസഫിന്റെ വീടിന്റെ പ്രവേശന കർമ്മം
അമ്പലപ്പുഴ: ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ വയറ്റില്‍ കത്രികയുമായി അഞ്ച് വർഷം നരകയാതനയില്‍ കഴിഞ്ഞ വീട്ടമ്മയ്ക്ക് വീടൊരുങ്ങി. വീടിന്റെ താക്കോൽ ദാന കർമം കെ.സി. വേണുഗോപാൽ എംപി നിർവഹിച്ചു.
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59) നാണ് കെ.സി. വേണുഗോപാല്‍ എംപി വീട് നിര്‍മിച്ച് നല്‍കിയത്. ഇവരുടെ വീട് ജീര്‍ണാവസ്ഥയിലായതോടെ വാടക വീട്ടിലായിരുന്നു താമസം.
പഴയ വീടിന്റെ അടിത്തറയുടെ കുറച്ചുഭാഗവും ഭിത്തിയും നിലനിര്‍ത്തികൊണ്ട് ജീര്ണിച്ചഭാഗം പൊളിച്ച് നീക്കിയാണ് പുതിയ വീട് നിര്‍മിച്ചത്. മൂന്ന് മുറി, അടുക്കള, ഹാൾ, സിറ്റൗട്ടോടെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മാണം പൂര്‍ത്തിയാക്കി. പുന്നപ്ര കിഴക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിര്‍മാണം പൂർത്തിയാക്കിയത്. ഏഴ് ലക്ഷം രൂപയോളം ചെലവുവന്നു.
ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021മെയ്10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.
തുടർന്ന് പലതവണ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. ഉഷ കിടപ്പിലായതോടെയാണ് ബന്ധുവിനോടൊപ്പം ആലപ്പുഴയിലെ യൂറോളജി വിഭാഗം ഡോക്ടറുടെ ചികിത്സതേടുന്നത്. അവിടെ നടത്തിയ എക്സ് റേ പരിശോധനയിലാണ് വയറ്റിൽ കത്രിക കുടുങ്ങിയ വിവരം അറിയുന്നത്.
സംഭവത്തിന്റെ തീവ്രതമനസിലാക്കിയ ബന്ധുക്കൾ ഉഷയെ മാർച്ച് 20ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് 22 ന് നടത്തിയ ശസ്ത്രിക്രിയയിൽ ഉഷയുടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കുകയായിരുന്നു.
ശസ്ത്രക്രിയക്കുള്ള മുഴുവന്‍ ചെലവും കെ.സി. വേണുഗോപാല്‍ എംപിയാണ് വഹിച്ചത്. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ഉഷയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വീട് നിര്‍മിച്ച് നല്‍കാമെന്ന് എംപി ഉറപ്പ് നല്‍കിയത്.
ആ ഉറപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. ഉഷാ ജോസഫിന്റെ ബന്ധുക്കളും നാട്ടുകാരുമടക്കം നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.
Tags : A helping hand from K.C. Venugopal Nattuvishesham DistrictNews