ചെമ്പ് പനങ്ങാവ് ക്ഷേത്രത്തിനു സമീപമുള്ള നിർധനകുടുംബത്തിന് നിർമിച്ചുനൽകിയ വീടിന്റെ സമർപ്പണം ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി നിർവഹിക്കുന്നു
വൈക്കം: പ്ലാസ്റ്റിക് ഷീറ്റ് പൊതിഞ്ഞ വീട്ടിൽനിന്ന് ചോരാത്ത അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിൽ ഒൻപതുകാരൻ അദ്രിദേവിനും അമ്മയ്ക്കും ഇനി അന്തിയുറങ്ങാം. ഭിന്നശേഷിയുള്ളവർക്ക് കരുതലേകി ദേശവ്യാപകമായി പ്രവർത്തിക്കുന്ന സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെ ആഭിമുഖ്യത്തിലാണ് ചെമ്പ് പനങ്ങാവ് ക്ഷേത്രത്തിനു സമീപമുള്ള നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകിയത്.
ഏറ്റുമാനൂർ സ്വദേശി പ്രസന്നനായർ അമ്പുമാലിൽ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ നിർമിച്ച വീടിന്റെ സമർപ്പണം ഇന്നലെ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും താക്കോൽ ദാനം പ്രസന്ന നായരും നിർവഹിച്ചു.
സമദൃഷ്ടി ക്ഷമതവികാസ് മണ്ഡലെന്ന സക്ഷമ പെൻഷൻ സഹായം, ഉപകരണ വിതരണം, നിയമ സഹായം, നേത്രദാനം തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങളുമായി ദിന്നശേഷിക്കാർക്ക് പിൻബലമേകിവരുന്ന സംഘടനയാണ്.
സക്ഷമ വൈക്കം താലൂക്ക് പ്രസിഡന്റ് കണ്ണൻ മരവട്ടിക്കലിന്റെ അധ്യക്ഷതയിൽ നടന്ന ഗൃഹസമർപ്പണ സമ്മേളനത്തിൽ സക്ഷമ കേരള രക്ഷാധികാരി എൻ.ആർ. മേനോൻ, ജില്ല പ്രസിഡന്റ് അനു സുഭാഷ്, രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം വിഭാഗ് കാര്യവാഹ് ആർ. സാനു, പഞ്ചായത്ത് അംഗം പി. ദീപു, സക്ഷമ ജില്ലാ സെക്രട്ടറി സ്വപ്ന ശ്രീരാജ്, താലൂക്ക് സെക്രട്ടറി ആർ.സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : house built Nattuvishesham DistrictNews DeepikaNews