അടിമാലി: 13 വർഷം മുമ്പുണ്ടായ ഒരു സംഭവത്തിൽ ശബ്ദംകൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ഒരു പോലീസുകാരൻ സേനയിൽ ഉണ്ട്. പോലീസ് സേനയുടെ മികവിനെപ്പറ്റി പരാമർശിച്ചു കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രശംസിച്ച ആ പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ അടിമാലിയിൽ എസ്എച്ച്ഒ ആയി സർവീസിൽ തുടരുന്ന പി.ആർ. സന്തോഷാണ്.
എറണാകുളത്ത് മൂന്നിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും 75 ലക്ഷം രൂപ തന്നില്ലെങ്കിൽ ബോംബ് പൊട്ടിക്കുമെന്ന് 2013ൽ വന്ന ഫോൺ ശബ്ദ സന്ദേശത്തിന്റെ ഉടമയെ ഫോണിലെ ശബ്ദംകൊണ്ടു തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥനാണ് സന്തോഷ്.
അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു രമേശ് ചെന്നിത്തല. ബോംബ് ഭീഷണി അന്വേഷിക്കാൻ തൃക്കാക്കര അസി. പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു അന്ന് തൃപ്പൂണിത്തറ എസ്ഐ ആയിരുന്ന സന്തോഷ്.
ഭീഷണി മുഴക്കിയ ആളുടെ ശബ്ദസന്ദേശം കേട്ടതോടെ സന്തോഷ് ആളെ ശബ്ദംകൊണ്ടു തിരിച്ചറിഞ്ഞു. 2010ൽ കോട്ടയത്ത് സന്തോഷ് ജോലി ചെയ്യുന്പോൾ കവർച്ചക്കേസിൽ അറസ്റ്റിലായ മനോജ് സേവ്യറിന്റെ ശബ്ദമാണെന്ന് സന്തോഷ് തിരിച്ചറിഞ്ഞു. തുടർന്ന് പ്രതിയെ പാലക്കാടുനിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പോലീസിന്റെ ഈയൊരു മികവിനെയാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രശംസിച്ചത്. ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ ഏറെ അഭിമാനത്തോടെയാണ് കേട്ടതെന്ന് സന്തോഷ് പറഞ്ഞു.