പ്രതീകാത്മക ചിത്രം
കോട്ടയം: ഒരിടവേളയ്ക്കുശേഷം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനി വ്യാപകമായി. മഴ മാറി പകല്‍ച്ചൂട് വര്‍ധിച്ചതോടെയാണ് ഇടവിട്ടുള്ള പനി, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍ഫ്ളുവന്‍സ ഗണത്തില്‍പ്പെട്ട പനിയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
മഴയും വെയിലും മാറിമാറി അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും ദൈനംദിന ആരോഗ്യശീലങ്ങളെയും കൂടുതല്‍ ശ്രദ്ധിക്കണം. ചെറിയ പനിയും തലവേദനയും കടുത്ത ജലദോഷവുമാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. ഒരു ദിവസം പനിയുണ്ടായശേഷം മാറുന്നതോടെ പലരും ആശുപത്രിയില്‍ പോകാന്‍ മടിക്കുകയാണ്.
എന്നാല്‍ പിന്നീടങ്ങോട്ടു കടുത്ത ചുമയും കഫക്കെട്ടും ക്ഷീണവുമാണ് അനുഭവപ്പെടുന്നത്. കുട്ടികളും മുതിര്‍ന്നവരുമാണ് കടുത്ത ചുമയും കഫക്കെട്ടുമായി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരിലേറെയും. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമാണ് ചുമ കൂടുതലായി അനുഭവപ്പെടുന്നത്.
കുട്ടികളില്‍ പലരും നിര്‍ത്താതെയുള്ള ചുമ കാരണം കഫം ഉള്‍പ്പെടെ ഛര്‍ദിക്കുന്ന അവസ്ഥയുമുണ്ട്. പല കുട്ടികളിലും പനിയോടൊപ്പം ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലർക്കു മൂത്രത്തില്‍ അണുബാധയും ഉണ്ടാകുന്നുണ്ട്.
മഴക്കാലത്തും കാലാവസ്ഥ മാറുന്ന സമയത്തും വീടുകളിലും ഓഫിസുകളിലും സ്കൂളുകളിലും ആളുകള്‍ അടുത്തടുത്തായി കഴിയുന്നത് രോഗാണുക്കള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത വര്‍ധിപ്പിക്കും. കൂടാതെ ഉറക്കക്കുറവ്, ഭക്ഷണക്രമത്തിലെ മാറ്റം തുടങ്ങിയവ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായും ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു.
കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമ്പോള്‍ പനി ഉണ്ടാകുന്നതു സ്വാഭാവികമാണെന്നു കരുതി അവഗണിക്കരുത്. സാധാരണ വൈറല്‍ പനി മുതല്‍ ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ വരെ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ പനിക്കൊപ്പമുള്ള ലക്ഷണങ്ങളും രോഗിയുടെ ആരോഗ്യനിലയും പരിഗണിക്കണം.
രോഗലക്ഷണങ്ങള്‍ ശക്തമാകുകയോ നീണ്ടുനില്‍ക്കുകയോ ചെയ്താല്‍ ഡോക്ടറെ കാണണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് അണുബാധ കൂടുതല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. ഇത്തരക്കാര്‍ കൂടുതല്‍ ജാഗ്രത പുലർത്തണം.
Tags : Diseases NattuVishasham DistrictNews