ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷം രണ്ടു ലക്ഷം രൂപാ വീതം കൈക്കൂലി വാങ്ങി താത്കാലിക നിയമനം നടത്തിയെന്ന ആരോപണം ഉന്നയിച്ച് ജി. സുധാകരൻ എംഎൽഎ. പൈസ വാങ്ങിയ ആളുടെ പേര് താൻ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു ജി. സുധാകരൻ. നൂറിലേറെ ആളുകളെയാണ് രണ്ടു ലക്ഷം രൂപാ വീതം വാങ്ങി താത്കാലികമായി നിയമിച്ചത്.
ആരുടെ അനുവാദത്തോടെയാണ് ഈ നിയമനങ്ങൾ നടത്തിയത്. എല്ലാവർക്കുമറിയാം ഇവിടെ എന്താണ് നടന്നതെന്ന്. അർഹതപ്പെട്ടവർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് കുടുംബശ്രീവഴി നിയമനം നടത്തിയത്. എന്ത് ആധികാരികതയാണ് കുടുംബശ്രീക്കുള്ളത്.
കുടുംബശ്രീ സ്റ്റാറ്റ്യൂട്ടറി ബോഡിയാണോ. രാഷ്ട്രീയക്കാരുടെ കള്ളക്കളിയാണ് കുടുംബശ്രീയിൽ നടക്കുന്നത്. എന്ത് അധികാരത്തിലാണ് കുടുംബശ്രീ മെഡിക്കൽ കോളജിൽ സ്റ്റാഫിനെ നിയമിക്കുന്നത്. മെഡിക്കൽ കോളജിലെ നിയമനങ്ങളെല്ലാം പിഎസ് സി വഴിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴിയും നടത്തണം. രാഷ്ട്രീയക്കാരെന്ന് പറഞ്ഞ് മേനി നടിച്ച് നടക്കുന്നവർ തന്നിഷ്ടം കാണിച്ച് അഴിമതി നടത്തുകയാണ്. രാഷ്ട്രീയമായ യാതൊരു ഇടപെടലും മെഡിക്കൽ കോളജിൽ അനുവദിച്ചുകൂടെന്നും ജി. സുധാകരൻ പറഞ്ഞു.=