മൂന്നാർ: മൂന്നാറിലെ റിസോർട്ടിൽനിന്നും വിനോദസഞ്ചാരികളുടെ സ്വർണവും പണവും മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ തേനി ബസ്സ്റ്റാൻഡിൽനിന്നു പോലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശിയും തേനിയിൽ താമസക്കാരനുമായ നാഗാർജുൻ (30) ആണ് പിടിയിലായത്. പള്ളിവാസൽ ആറ്റുകാടുള്ള റിസോർട്ടിൽ താമസിച്ചിരുന്ന ദമ്പതികളായ സഞ്ചാരികളുടെ രണ്ടു പവൻ സ്വർണവും 13,000 രൂപയും കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ഇയാൾ മോഷ്ടിച്ചത്.
ദമ്പതികൾ ഉറങ്ങുന്നതിനിടെ സ്ലൈഡിംഗ് ജനൽ തുറന്ന് അകത്തുകയറിയാണ് ഇയാൾ മോഷണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഹൗസ് കീപ്പിംഗ് ജോലിക്കെത്തിയ ദിവസം തന്നെയാണ് ഇയാൾ മോഷണം നടത്തിയത്.
മേൽവിലാസം ഉൾപ്പെടെ ഒരു രേഖയും ഇയാൾ റിസോർട്ടിൽ നൽകിയിരുന്നില്ല. ചില ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കണ്ടെത്തിയത്.
മൂന്നാർ എസ്എച്ച്ഒ ജെ. ബിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Tags : Theft Nattuvishesham District News