പ്രതീകാത്മക ചിത്രം
ഉപ്പുതറ: ടൗണില്‍ മൂന്നു വ്യാപാര സ്ഥാപനത്തില്‍ മോഷണവും ഒരിടത്ത് മോഷണ ശ്രമവും. വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് പണം അപഹരിച്ചിട്ടുണ്ട്. രണ്ടുപേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. ഉപ്പുതറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് മോഷണവും മോഷണ ശ്രമവും നടന്നത്. ഉപ്പുതറ എബിഎം സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 6900 രൂപ നഷ്ടപ്പെട്ടു. സമീപത്തെ മലഞ്ചരക്ക് കടയില്‍നിന്ന് 9000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
സമീപത്തുള്ള സോപ്പ് കടയിലെ മേശയുടെ പൂട്ട് പൊളിച്ച് ചില്ലറനോട്ടുകളും കവര്‍ന്നു. ടാജ് സൂപ്പര്‍ ഷോപ്പിയുടെ പൂട്ട് പൊളിച്ചെങ്കിലും അകത്തെ ഗ്ലാസ്ഡോര്‍ തുറക്കാനാകാത്തതിനാല്‍ ഒന്നും നഷ്ടമായില്ല. ഉയരമുള്ള രണ്ടുപേരാണ് മോഷണത്തിനു പിന്നിലെന്ന് വ്യക്തമായെങ്കിലും മുഖം മറച്ചിരിക്കുന്നതിനാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
അടുത്തടുത്തുള്ള കടകളിലാണ് പൂട്ടുതകര്‍ത്തു മോഷണം നടന്നിരിക്കുന്നത്. തകര്‍ത്ത താഴുകള്‍ മോഷ്ടാക്കള്‍ കൊണ്ടുപോവുകയും ചെയ്തു. രാവിലെ കടകള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. വ്യാപാരികളുടെയും വ്യാപാര സംഘടനയുടെയും പരാതിയെത്തുടര്‍ന്ന് ഉപ്പുതറ പോലീസ് വ്യാപാരശാലകളിലെത്തി പരിശോധന നടത്തി.
Tags :