തൊടുപുഴ: ഉടുമ്പന്നൂര്‍-ഇടുക്കി തുരങ്കപാത യാഥാര്‍ഥ്യമാക്കണമെന്ന് മൂവാറ്റുപുഴ-ഇടുക്കി ലിങ്ക് ഹൈവേ വികസനസമിതി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം എത്തിച്ചേരാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജില്ലയാണ് ഇടുക്കി. വളവും കയറ്റവും ഇറക്കവുമുള്ള മലമ്പാതകളിലൂടെ ദീര്‍ഘദൂരം യാത്ര ചെയ്തു മാത്രമേ ഇടുക്കി ജില്ലാ ആസ്ഥാനത്ത് എത്തിച്ചേരാനാകൂ. സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളില്‍നിന്ന് ജില്ലാ ആസ്ഥാനത്തേക്ക് വേഗത്തില്‍ എത്താന്‍ തുരങ്കപാത ഉപകരിക്കും.
ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ചരക്ക് ഗതാഗതം, സാമ്പത്തിക വികസനം, ദുരന്തനിവാരണം, ഭരണനിര്‍വഹണം തുടങ്ങിയ മേഖലകളില്‍ ജില്ലയുടെ വളര്‍ച്ചയ്ക്ക് യാത്രാദുരിതം വെല്ലുവിളിയാണ്. ജില്ലാ ആസ്ഥാനത്തും ഇടുക്കി ഗവ. മെഡിക്കല്‍ കോളജിലും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുമൂലം ജില്ലയില്‍ നിയമിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഇവിടെ സ്ഥലംമാറിപ്പോകാനുള്ള തത്രപ്പാടിലാണ്.
പ്രധാന ദേശീയപാതകളായ എന്‍എച്ച്-85നെ എന്‍എച്ച് 185 മായി ബന്ധിപ്പിച്ചു മൂവാറ്റുപുഴ-ഇടുക്കി ലിങ്ക് നാഷണല്‍ ഹൈവേ അനുവദിക്കുകയും ഇതിന്റെ ഭാഗമായി ഉടുമ്പന്നൂരില്നിന്ന് കരിമ്പനിലേക്ക് തുരങ്ക ഹൈവേ നിര്മിക്കാനുമായാല് ജില്ലാ ആസ്ഥാനത്തുനിന്നും ഹൈറേഞ്ച് പ്രദേശങ്ങളില്‍നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള യാത്രാസൗകര്യത്തിന് ഗതിവേഗം കൈവരും. ജില്ലാ ആസ്ഥാനത്തിന് ഏറ്റവും അടുത്തുള്ള ലോറേഞ്ച് ഏരിയ ഉടുമ്പന്നൂരായതിനാല് മൂവാറ്റുപുഴ-ഇടുക്കി ലിങ്ക് നാഷണല്‍ ഹൈവേയും തുരങ്കപാതയും നിര്‍മിക്കുന്നതുവഴി ജില്ലാ ആസ്ഥാനത്തുനിന്നു കേരളത്തിലെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തേക്കുള്ള യാത്രാദൂരവും സമയവും ഗണ്യമായി കുറയും.
കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ, മൂവാറ്റുപുഴ എന്നീ പട്ടണങ്ങള്‍ക്കും ജില്ലയിലെ എല്ലാ പഞ്ചായത്തുകള്‍ക്കും നിര്‍ദിഷ്ട നാഷണല്‍ ഹൈവേ ഗണ്യമായ നേട്ടങ്ങള്‍ നല്‍കും. ജര്‍മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സഹായത്തോടെ സര്‍ക്കാര്‍ മൂവാറ്റുപുഴ-പെരുമാങ്കണ്ടം റോഡ് നിര്‍മാണം നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു. ഈ റോഡിന്റെ തുടര്‍ച്ചയായി പെരുമാങ്കണ്ടത്തുനിന്ന് ഉടുമ്പന്നൂര്‍ പരിയാരത്തേക്കുള്ള റോഡും ഉടുമ്പന്നൂരിനും കരിമ്പനും ഇടയിലുള്ള നിര്‍ദിഷ്ട തുരങ്കപാതയും നിര്‍മിച്ചാല്‍ ഹൈറേഞ്ചിന്റെ വികസനത്തിന് നാഴികക്കല്ലായി മാറും.
പദ്ധതിയുടെ നേട്ടങ്ങള്‍
മെച്ചപ്പെട്ട ഹൈവേ കണക്റ്റിവിറ്റിയിലൂടെ കാര്‍ഷികോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തോട്ടവിളകള്‍, വ്യാവസായിക വസ്തുക്കള്‍, അവശ്യവസ്തുക്കള്‍ എന്നിവയുടെ ഗതാഗതം സുഗമമാക്കുകയും അതുവഴി പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ജില്ലയിലേക്ക് പുതിയ വികസന നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യും.
ഇടുക്കിയുടെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനക്ഷമത വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യും.
എറണാകുളത്തും തൊടുപുഴയിലുമുള്ള നൂതന ചികിത്സാസൗകര്യങ്ങള്‍, അടിയന്തര മെഡിക്കല്‍ ഘട്ടങ്ങളില്‍ ഹൈറേഞ്ച് മേഖലയിലെ സാധാരണക്കാര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാന്‍ പദ്ധതി സഹായിക്കും.
എറണാകുളം, കോട്ടയം ജില്ലകളിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ യാത്രാസമയവും മികച്ച ഗതാഗതസൗകര്യവും പ്രയോജനപ്പെടും.
നിര്‍ദിഷ്ട ഹൈവേയും തുരങ്കപാതയും വാഹനങ്ങളുടെ ഇന്ധന ഉപഭോഗത്തില്‍ ഗണ്യമായ ലാഭം വരുത്തും. ഇന്ധന ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിന്റെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും അതുവഴി വിലപ്പെട്ട വിദേശനാണ്യം സംരക്ഷിക്കാനും ദേശീയ ഊര്‍ജ കാര്യക്ഷമത ലക്ഷ്യങ്ങള്‍ക്ക് മികച്ച സംഭാവന നല്‍കാനും ഇടയാക്കും.
പ്രകൃതി ദുരന്തങ്ങളില്‍ അടിയന്തര പ്രതികരണശേഷി മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുസ്ഥാപനങ്ങളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് മെച്ചപ്പെട്ട കണക്റ്റിവിറ്റിക്കും സഹായിക്കും.
സംസ്ഥാനത്ത് ഏറ്റവുമധികം സുഗന്ധവ്യഞ്ജനങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത് ഇടുക്കിയിലാണ്. നിര്‍മാണമാരംഭിച്ച ശബരി റെയില്‍വേ ലൈനില്‍ തൊടുപുഴ റെയില്‍വേ സ്റ്റേഷനില്‍ കാര്‍ഗോ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ മന്ത്രാലയം അടുത്തിടെ സാധ്യതാ പഠനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. തുരങ്കപാതയുടെയും ലിങ്ക് നാഷണല്‍ ഹൈവേയുടെ നിര്‍മാണം ഹൈറേഞ്ച് മേഖലയില്‍നിന്നു മെച്ചപ്പെട്ട കാര്‍ഗോ ഗതാഗതസൗകര്യം ലഭ്യമാക്കുന്നതിനാല്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായി മാറും.
ശാസ്ത്രീയമായി രൂപകല്പന ചെയ്ത തുരങ്കപാത നിര്‍മാണ ദുഷ്കരമായ മലമ്പാതകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും രാത്രി സമയത്തും എല്ലാ കാലാവസ്ഥയിലും ഉപകരിക്കാവുന്ന വനത്തിലൂടെയല്ലാത്ത ഗതാഗത ഇടനാഴി രൂപപ്പെടുത്തുകയും ചെയ്യും.
ചുരം റോഡിലൂടെയുള്ള ദുര്‍ഘടയാത്ര ചെയ്തു മടുത്ത വയനാടുകാര്ക്കുവേണ്ടിയുള്ള തുരങ്കപാതയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.
തുരങ്കപാതയെന്ന വികസനപാത ഇടുക്കിക്കാര്‍ക്കും ലഭ്യമാക്കണമെന്ന് മുവാറ്റുപുഴ ഇടുക്കി ഹൈവേ വികസനസമിതി ഭാരവാഹികളായ ജോണ്സണ് മൂലയില്‍, ഫിലിപ്പ് പടിഞ്ഞാറേക്കര, ജയന് കുന്നുംപുറത്ത്, ജോണി മുണ്ടയ്ക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.