കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.പി. കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി വി.ഡി. സതീശന് പ്രസംഗി
പയ്യന്നൂര്‍: നമ്മൾ എല്ലാം പോട്ടെ എന്ന് വയ്ക്കില്ലെന്നും പത്തുവര്‍ഷക്കാലം കേരളത്തില്‍ നടത്തിയ വേട്ടയാടലുകളും അതിക്രമങ്ങളും അനുഭവങ്ങളായി നമുക്കുമുന്നിലുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. നിങ്ങള്‍ അനുഭവിച്ച വേദനകള്‍ നിങ്ങളനുഭവിച്ച ദുഖം അവയെല്ലാം മറക്കാനാവില്ല. എന്നാല്‍ ആരേയും വേട്ടയാടാന്‍ പോകുന്നുമില്ല. അല്ലാതെ തന്നെ ഓരോ ദിവസവും നേരം പുലരു മ്പോള്‍ പുതിയ പുതിയ സംഭവങ്ങളാണ് വീണുകിട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.പി. കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് നല്കിയ വാക്ക് വാക്കാണെന്നും ഉറപ്പ് പാലിക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളുടെ ഹൃദയത്തിന്റെ തേരിലേറിയാണ് ഞങ്ങള്‍ അധികാരത്തില്‍ ഇരിക്കുന്നത്. അതിനാല്‍ത്തന്നെ നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങളുടെ കഠിനാധ്വാനവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിയുടെയും പത്രാസിന്റേയും പിറകെ പോകാത്ത ഒരു സര്‍ക്കാരായിരിക്കും ഇത്. വല്ലാത്ത ഒരു ധനസ്ഥിതി ആണ് സര്‍ക്കാരിന്റെ മുമ്പിലുള്ളത്. എങ്കിലും നമുക്ക് കാലത്തിനനുയോജ്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. കേരളത്തെ ഏവിയേഷന്‍ ഹബ്ബായും തുറമുഖ നഗരമായും നമ്മള് മാറ്റും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന നാടായി കേരളം മാറും. ഇതിനുള്ള ഗൃഹപാഠ ത്തിലും ഗവേഷണത്തിലും ആണ് ഞങ്ങള്‍. ആറുമാസം കഴിയുമ്പോള്‍ ഇവ യാഥാര്‍ഥ്യമാകുന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങും.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചപ്പോള്‍ കെഎസ്ആര്‍ടിസി തകരുമെന്ന് കുറേപേര്‍ പറഞ്ഞു. എന്നിട്ട് ഇവിടെ എന്തുണ്ടായി എന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ബസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇനി മുതിര്‍ന്ന പൗരന്മാരെ ചേര്‍ത്തുനിര്‍ത്തുന്ന പദ്ധതികള്‍ നമ്മള് ആവിഷ്കരിക്കും. പയ്യന്നൂരിലും തളിപ്പറമ്പിലും തൃക്കരിപ്പൂരിലും ആരെകിലും പ്രതീക്ഷിച്ച വിജയം ആണോ നമുക്ക് ലഭിച്ചത്. ജനങ്ങളെ മറക്കാതെ പ്രവര്‍ത്തിച്ചാല്‍ ഇതിലും വലിയ വിജയം നേടാന്‍ നമുക്ക് കഴിയും. തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ നിങ്ങള്‍ക്ക് ആകണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ സന്ദീപ് വാര്യര്‍, വി. കുഞ്ഞികൃഷ്ണന്, ടി.ഒ. മോഹനന്, കെപിസിസി ഭാരവാഹികളായ വി.എ. നാരായണന്, സോണി സെബാസ്റ്റ്യന്‍, ബാലകൃഷ്ണന് പെരിയ, കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, എം.പി. ഉണ്ണിക്കൃഷ്ണന്, എ.പി. നാരായണന്, കെ. ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews