കോഴിക്കോട്: അവധിക്കാലമായിട്ടും കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തോളം കുറവ്.
കനത്ത ചൂടും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവു വരാത്ത സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ കേരളത്തിലെത്തുന്നത് കുറഞ്ഞതും ഈ അവധിക്കാലത്ത് വിനോദസഞ്ചാര മേഖലയിലെ പ്രതിസന്ധി വര്‍ധിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയത്തും പെരുവണ്ണാമൂഴിയിലും കഴിഞ്ഞ അവധിദിനത്തില്‍ പോലും മുന്നൂറില്‍ താഴെ ആളുകളേ എത്തിയുള്ളു. എത്തുന്നവര്‍ തന്നെ പ്രവേശന കവാടത്തിലെ പാര്‍ക്കില്‍ ചെലവഴിച്ചു മടങ്ങുകയാണ്. കനത്ത ചൂടുകാരണം ഡാം സൈറ്റിലേക്ക് ആളുകള്‍ പോവുന്നില്ല. സമാനമാണു ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയെല്ലം അവസ്ഥ.
മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലും തിരക്ക് കുത്തനെ കുറഞ്ഞു. അവധിക്കാലത്ത് വരുമാനം പ്രതീക്ഷിച്ചിരുന്ന കച്ചവടക്കാരും നിരാശരാണ്.അതേ സമയം നൈറ്റ് ലൈഫ് ആസ്വദിക്കാനായി കോഴിക്കോട് കടപ്പുറത്തേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലെന്നാണ് കണക്ക്.
ചൂട് ഈ രീതിയില്‍ തുടര്‍ന്നാല്‍ ഇനിയും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാകും. കാലാവസ്ഥയില്‍ നിന്നുള്ള മാറ്റം തേടി ഊട്ടി ഭാഗത്തേക്ക് വിനോദസഞ്ചാരികള്‍ കൂടുതലായി പോകുന്നുണ്ട്.ഇത്തവണ മെയ് ദിനവും വീക്കെന്‍ഡും സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കില്ല..പരീക്ഷകള്‍ കഴിഞ്ഞതോടെ അവധിക്കാലത്ത് കുടുംബസമേതം ആളുകള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെ ആശ്രയിക്കാറായിരുന്നു പതിവ്.