ചങ്ങനാശേരി അതിരൂപതയിലെ കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് ആർച്ച്ബിഷപ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ നാല്പതാംവെള്ളിയാഴ്ചയായ ഇന്നലെ ഉച്
ചുങ്കപ്പാറ: അന്പതു നോന്പിന്റെ വ്രതശുദ്ധിയിൽ നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് ഇന്നലെ കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് നടത്തിയ കുരിശിന്റെ വഴിയിൽ ആയിരങ്ങൾ പങ്കെടുത്തു. ഈശോയുടെ പീഡാസഹനങ്ങളെ അനുസ്മരിച്ച് കുരിശും വഹിച്ചാണ് വിശ്വാസികൾ മല കയറിയത്. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ നേതൃത്വം നൽകി.
ഉച്ചകഴിഞ്ഞ് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ സംഗമിച്ച് പ്രാർഥന നടത്തിയശേഷമാണ് കുരിശിന്റെ വഴി ആരംഭിച്ചത്. വികാരി ഫാ.എബി വടക്കുന്തലയുടെ നേതൃത്വത്തിൽ ഇടവക ജനങ്ങൾ ആർച്ച്ബിഷപ്പിനെയും മറ്റു വൈദികരെയും വിശ്വാസികളെയും സ്വീകരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളിലെ വൈദികരും വിശ്വാസികളും വിവിധ കത്തോലിക്കാ ഇടവകകളിലെ വിശ്വാസികളും വൈദികരും ഇതര ക്രൈസ്തവ സഭാ വിശ്വാസികളും കുരിശിന്റെ യാത്രയിൽ പങ്കെടുത്തു.
പീഡാസഹന സ്മരണകളോടെ പ്രത്യേക കേന്ദ്രങ്ങളിൽ പ്രാർഥന നടത്തിയാണ് മല കയറിയത്. അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട്, മണിമല ഫൊറോന വികാരി ഫാ. ഏബ്രഹാം തയ്യിൽ, നെടുംകുന്നം ഫൊറോന വികാരി ഫാ. വർഗീസ് കൈതപ്പറമ്പിൽ , കുരിശുമല ഡയറക്ടർ ഫാ. മോബൻ ചൂരവടി, ഫാ. സിജോ കാച്ചംകോട്ട്, ഫാ. ടോണി മണിയംചിറ, ഫാ. എബി വടക്കുന്തല, ഫാ. സേവ്യർ ചേരുനെല്ലടി എന്നിവർ തീർഥാടനത്തിന് നേതൃത്വം നൽകി. മലമുകളിൽ പ്രത്യേക പ്രാർഥനയും കുർബാനയും നടന്നു. ആർച്ച്ബിഷപ്പിന്റെ സന്ദേശവും ഉണ്ടായിരുന്നു.
ചാപ്പൽ നിർമാണ ഫണ്ട് ഉദ്ഘാടനവും ആർച്ച്ബിഷപ് മാർ തോമസ് തറയിൽ നിർവഹിച്ചു. രാത്രിയിൽ വൈദികരുടെ നേതൃത്വത്തിൽ കുർബാനയും അർപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിലും മലമുകളിലേക്ക് തീർഥാടനത്തിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. 30, 31 തീയതികളിൽ നാല്പതു മണി ആരാധന ഉണ്ടാകും.
ഏപ്രിൽ ഒന്നിന് സമർപ്പിതരുടെ തീർഥാടനം നടക്കും. നിർമലപുരം പള്ളിയിൽ നിന്നും ആരംഭിക്കുന്ന തീർഥാടനത്തിന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നേതൃത്വം നൽകും. യുവദീപ്തി, എസ്എംവൈഎം പ്രവർത്തകരുടെ തീർഥാടനം ഒന്നിന് രാത്രി എട്ടിന് നടക്കും.
ഒറ്റപ്പെടലുകളുടെ ലോകത്ത്
ക്രിസ്തുവിന്റെ പീഡാസഹനം
കരുത്താകണം: ആർച്ച്ബിഷപ്
ഒറ്റപ്പെടലുകളും മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്പോൾ ക്രിസ്തുവിന്റെ പീഡാസഹനവും വേദനകളും നമുക്ക് കരുത്ത് പകരണമെന്ന് ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. കരുവള്ളിക്കാട് കുരിശുമല തീർഥാടനത്തോടനുബന്ധിച്ച് മലമുകളിൽ സുവിശേഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പരസ്യ ജീവിതത്തിൽ യേശുവിൽ നിന്നും അത്ഭുതങ്ങളും അടയാളങ്ങളും സ്വീകരിച്ച ആരെയും കർത്താവിന്റെ കുരിശിന്റെ വഴിയിൽ നമുക്ക് കാണാൻ സാധിക്കില്ല.
സഹനങ്ങളെ ഈശോയുടെ കുരിശിനോടു ചേർത്ത് നേരിടണമെന്നതാണ് സുവിശേഷം നമ്മെ പഠിപ്പിക്കുന്നത്. അഷ്ടഭാഗ്യങ്ങൾ എട്ട് സഹനങ്ങളാണ്. ഈ സഹനങ്ങൾ ഒഴിവാക്കപ്പെടേണ്ടതല്ല, ക്രൈസ്തവർ അഷ്ടഭാഗ്യങ്ങളിലൂടെ അഥവാ സഹനങ്ങളിലൂടെ കടന്നുപോകേണ്ടവരാണ്. കുരിശ് ഇല്ലാതെ ക്രിസ്ത്യാനിക്ക് ഒരു ജീവിതം ഇല്ലെന്നും ആർച്ച് ബിഷപ് ചൂണ്ടിക്കാട്ടി.